കൊറിയറുകള്‍ ഹോം ഡെലിവറി ചെയ്യാന്‍ കെഎസ്ആര്‍ടിസി
Thursday, September 12, 2024 3:01 AM IST
കൊച്ചി: കൊറിയറുകള്‍ അതിവേഗം എത്തിക്കാന്‍ വാതില്‍പ്പടി സേവനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി ഡെലിവറി ജീവനക്കാരെ സജ്ജമാക്കും.
ഇതിന് നിലവിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിക്കണോ കരാറടിസ്ഥാനത്തില്‍ പുതിയ ആളുകളെ നിയമിക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
നിലവില്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഡിപ്പോകളില്‍ എത്തി നല്‍കുകയും വാങ്ങുകയും വേണം. ഈ സേവനം ഇനി എളുപ്പമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ നിരക്കുകൾ സംബന്ധിച്ചും തീരുമാനം വൈകാതെയുണ്ടാകും.
ഡെലിവറി ജീവനക്കാരന് വീടുകളിലെത്തി കൊറിയര്‍ ശേഖരിച്ച് ഡിപ്പോകളിലെത്തിച്ച് അവിടെനിന്നു ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന തരത്തിലായിരിക്കും പദ്ധതി. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനാണു കെഎസ്ആര്‍ടിസിയുടെ നീക്കം.
ഗ്രാമപ്രദേശങ്ങളിലടക്കം കെഎസ്ആര്‍ടിസി സര്‍വീസുള്ളതിനാല്‍ ചെലവ് കുറഞ്ഞ രീതിയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പ്രതിദിനം അഞ്ചു ലക്ഷം രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ രണ്ടു ലക്ഷത്തോളമാണ് കൊറിയര്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി പ്രതിദിനം നേടുന്നത്.