ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ജിഎസ്ടി കുറയ്ക്കൽ വൈകും
Tuesday, September 10, 2024 10:52 PM IST
ന്യൂഡൽഹി: ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന്മേൽ ചുമത്തുന്ന 18 ശതമാനം ജിഎസ്ടിയിൽ കുറവ് വരുത്താനുള്ള തീരുമാനം നീട്ടിയതിൽ സാധാരണക്കാർക്ക് അതൃപ്തി.
ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് പുതുതായി രൂപീകരിച്ച ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി 50 ദിവസത്തിനകം തീരുമാനിക്കണമെന്നാണു തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗം നിർദേശിച്ചത്.
ഒക്ടോബർ അവസാനത്തോടെ മന്ത്രിതല സമിതിയുടെ തീരുമാനമുണ്ടായാലും ഇൻഷ്വറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കാൻ അടുത്ത കൗണ്‍സിൽ യോഗം വരെ കാത്തിരിക്കേണ്ടിവരും.
ജിഎസ്ടി നിരക്കുകളും സ്ലാബുകളും യുക്തിസഹമാക്കുന്നതിനായി അടുത്ത 23ന് മന്ത്രിതല സമിതി പ്രത്യേക യോഗം ചേരും. ഈ സമിതിയിൽ പുതിയ അംഗങ്ങളെയും ഉൾപ്പെടുത്തും. ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി സംബന്ധിച്ചു ചർച്ച ചെയ്യുന്നതിന് മറ്റൊരു മന്ത്രിതല സമിതിയും രൂപീകരിക്കും.
2022 ജൂലൈ വരെ ആദ്യം നിശ്ചയിച്ചതും പിന്നീട് 2026 മാർച്ച വരെ നീട്ടിയതുമായ നഷ്ടപരിഹാര സെസിന്റെ തുകയിലെ സംസ്ഥാനങ്ങൾക്കുള്ള വിഹിതം സംബന്ധിച്ചും സമിതി വിശദമായി ചർച്ച ചെയ്യും. റിയൽ എസ്റ്റേറ്റും കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മന്ത്രിതല സമിതി പരിശോധിച്ചു റിപ്പോർട്ട് നൽകിയശേഷമേ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം ഉണ്ടാകുകയുള്ളൂ.
വില കുറയും
● അർബുദ മരുന്നുകൾ:
ട്രാസ്റ്റുസുമാബ് ഡെറക്സ്റ്റെകാൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നീ കാൻസർ മരുന്നുകളുടെ നികുതി നിരക്ക് 12ൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കും.
● ഗവേഷണ ഫണ്ടുകൾ:
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കുമുള്ള ഗവേഷണ ധനസഹായം ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. കേന്ദ്ര- സംസ്ഥാന നിയമപ്രകാരം സ്ഥാപിതമായ സർവകലാശാലകൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കും ഇതു ബാധകമാണ്.
2017 മുതൽ നൽകിയ ഗവേഷണ ഗ്രാന്റുകൾക്ക് നികുതി അടയ്ക്കാത്തതിന് ഏഴു പ്രമുഖ അക്കാദമിക് സ്ഥാപനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെത്തുടർന്നാണു തീരുമാനം. വിദേശത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നു വിദേശ എയർലൈൻ കന്പനികളുടെ സേവനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും കൗണ്‍സിൽ തീരുമാനിച്ചു.
● മിക്സ്ചറുകളും (നംകീനുകൾ) ചില ഭക്ഷ്യ ഉത്പന്നങ്ങളും:
മിക്സ്ചറുകളുടെയും രുചികരമായ ഭക്ഷ്യ ഉത്പന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽനിന്ന് 12 ശതമാനമായി കുറയ്ക്കും. വറുക്കാത്തതോ വേവിക്കാത്തതോ ആയ ലഘുഭക്ഷണങ്ങളിൽ അഞ്ചു ശതമാനം നിരക്ക് തുടരും.
● ഹെലികോപ്റ്റർ യാത്ര:
കേദാർനാഥ്, ബദരീനാഥ് ക്ഷേത്രദർശനം പോലുള്ള മതപരമായ യാത്രകൾക്കുള്ള ഹെലികോപ്റ്റർ സേവനങ്ങളുടെ നികുതി 18ൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കും. ഉത്തരാഖണ്ഡ് ബിജെപി സർക്കാരിന്റെ പ്രധാന ആവശ്യമാണിത്.
വില കൂടും
● കാർ, മോട്ടോർസൈക്കിൾ സീറ്റുകൾ:
നിലവിൽ 18 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കിയിരുന്ന കാർ സീറ്റുകളുടെ നിരക്ക് 18ൽനിന്ന് 28 ശതമാനമായി ഉയർത്തും. 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന മോട്ടോർസൈക്കിൾ സീറ്റുകൾക്ക് അതേ നിരക്ക് തുടരും.
● മെറ്റൽ സ്ക്രാപ്പ്:
രജിസ്റ്റർ ചെയ്യാത്ത വ്യക്തിക്ക് മെറ്റൽ സ്ക്രാപ്പ് നൽകുന്പോൾ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) അവതരിപ്പിക്കും. വിതരണക്കാരൻ പരിധിക്കു കീഴിലാണെങ്കിലും ആർസിഎമ്മിനു കീഴിൽ അടയ്ക്കാൻ ബാധ്യസ്ഥനായ സ്വീകർത്താവ് നികുതി അടയ്ക്കേണ്ടതാണ്. ബി-ടു-ബി വിതരണത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ മെറ്റൽ സ്ക്രാപ്പ് വിതരണത്തിന് രണ്ടു ശതമാനം ടിഡിഎസ് ബാധകമാകും.