കോഴിക്കോട് ലുലുമാള്‍ നാളെ തുറക്കും
Saturday, September 7, 2024 11:11 PM IST
കൊച്ചി: കോഴിക്കോട് ലുലു മാള്‍ നാളെ തുറക്കും. നാളെ രാവിലെ 11ന് ഇവിടെ ഷോപ്പിംഗ് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. മാവൂര്‍ റോഡിനു സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയര്‍ഫീറ്റിൽ മൂന്നു നിലകളിലായാണു മാള്‍.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്കു പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിംഗ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്.
ഒന്നര ലക്ഷം സ്ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ വിവിധിയിടങ്ങളില്നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ക്കൊപ്പം പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും സജ്ജം.
വീട്ടുപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകര്‍ഷകമായ ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോറും മാളിലുണ്ട്.
ഇതിനു പുറമേ പതിനായിരം സ്ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ഫണ്ടൂറ’ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിംഗ് സോണാണ്.
500ലധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട്. പതിനാറിലേറെ ബ്രാന്‍ഡുകളുടെ ഔട്ട്ലറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ടിസോട്ട്, സ്കെച്ചേര്‍സ്, സ്വാ ഡയമണ്ട്സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എല്‍പി, അലന് സോളി, പോഷെ സലൂണ്‍, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഉള്‍പ്പെടെ അമ്പതോളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്റ്റോറുകളുമുണ്ട്. 1,800 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.