ഇതിൽ ഒന്പതു മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കേരളം റാങ്കിംഗിൽ ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്തിന് മൂന്നും മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. ഒട്ടാകെ 30 മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ഒന്പതു മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി ‘ടോപ്പ് പെർഫോർമർ ’ ആയി.
ഏകജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.
കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28ൽ നിന്ന് കേരളം 15-ാം സ്ഥാനത്തേക്കു വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സ്ഥാനത്തുനിന്നാണ് ഇപ്പോൾ ഒന്നാം നിരയിലേക്ക് എത്തുന്നത്.