കേരള ട്രാവൽ മാർട്ട് 2024 ബയർ രജിസ്ട്രേഷനിൽ റിക്കാർഡ്
Wednesday, September 4, 2024 10:49 PM IST
തിരുവനന്തപുരം: കേരളാ ട്രാവൽ മാർട്ടിൽ ബയർ രജിസ്ട്രേഷൻ സർവകാല റിക്കാർഡായെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബയർ രജിസ്ട്രേഷൻ 2,800 കടന്നെന്ന് മന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവൽ മേളയായി കേരള ട്രാവൽ മാർട്ട് മാറി.
സെപ്റ്റംബർ 27 മുതൽ 29 വരെ വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര സാമുദ്രിക കണ്വൻഷൻ സെന്ററിലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്. കെടിഎം 2024ലെ ബിസിനസ് സെഷനുകൾ 27 മുതൽ 29 വരെ നടക്കും.
കെടിഎമ്മുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന കെടിഎം മൊബൈൽ ആപ്പും മന്ത്രി പുറത്തിറക്കി. കെടിഎം മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാർക്കറ്റ് ചെയ്യാൻ കെടിഎം ഏറെ സഹായകരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.