സിയാലിന് റിക്കാർഡ് നേട്ടം; 412.58 കോടിയുടെ അറ്റാദായം
Wednesday, September 4, 2024 10:49 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (സിയാൽ) കഴിഞ്ഞ സാമ്പത്തികവർഷത്തിൽ വരുമാനത്തിലും ആദായത്തിലും റിക്കാർഡ് നേട്ടം.
സിയാലിന്റെ വരുമാനം മുൻ വർഷത്തേക്കാളും 31.6 ശതമാനവും ലാഭം 54.4 ശതമാനവും വർധിച്ചു. സിയാലിന്റെ ചരിത്രത്തിൽ ഇത്രയും അധികം വളർച്ച രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.
2023-24 സാമ്പത്തികവർഷത്തിൽ ആകെ വരുമാനം 1,014 കോടി രൂപയാണ്. മുൻവർഷം ഇത് 770.90 കോടിയായിരുന്നു. മുൻവർഷം 267.17 കോടി രൂപയായിരുന്ന മൊത്തം ലാഭം ഈ വർഷം 552.37 കോടിയായി ഉയർന്നു. നികുതി കഴിച്ചുള്ള അറ്റാദായം 412 .58 കോടി രൂപയാണ്. വ്യോമയാന മേഖലയിലും മറ്റു മേഖലകളിലും സിയാലിന് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വളർച്ചയ്ക്കനുസരിച്ച് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 712 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
560 കോടി രൂപ മുടക്കി അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കാനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്.152 കോടി മുതൽമുടക്കുള്ള കൊമേഴ്സ്യൽ സോണും നിർമിക്കും. ഇതോടൊപ്പം ആഭ്യന്തര ടെർമിനൽ വലുതാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.