റസ്റ്റോ ബേക്കറികളില്‍ ജിഎസ്ടി അഞ്ചു ശതമാനമായി ഏകീകരിക്കണമെന്നു ബേക്ക്
Wednesday, September 4, 2024 10:49 PM IST
കൊച്ചി: റസ്റ്ററന്റും ബേക്കറിയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന റസ്റ്റോ ബേക്കറികളില്‍ ജിഎസ്ടി അഞ്ചു ശതമാനമായി ഏകീകരിക്കണമെന്നു ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഒരേ ഭക്ഷണത്തിന് ബേക്കറികളിലും റസ്റ്ററന്റുകളിലും വ്യത്യസ്ത ജിഎസ്ടി ഈടാക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണത്തിന് അഞ്ചു ശതമാനവും ബേക്കറികളില്‍ 18 ശതമാനവുമാണ് ജിഎസ്ടി.
സംസ്ഥാനത്തെ മിക്ക ബേക്കറികള്‍ക്കും അനുബന്ധമായി റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റില്‍നിന്നും ബേക്കറിയില്‍നിന്നും ഒരേ ഭക്ഷണസാധാനം വാങ്ങുമ്പോള്‍ വ്യത്യസ്ത നിരക്കാണ് ഉപഭോക്താവിനു നല്‍കേണ്ടിവരിക.
ഇത് സ്ഥാപന ഉടമകളും കസ്റ്റമേഴ്സും തമ്മില്‍ തകര്‍ക്കത്തിന് ഇടയാക്കുന്നതായും റസ്റ്റോ ബേക്കറികളുടെ സുഗമമായ പ്രവര്‍ത്തനത്തെ അതു ബാധിക്കുന്നതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.