50 ശതമാനം വിലക്കുറവ്; കണ്‍സ്യൂമര്‍ ഫെഡ് ഓണം മേളകള്‍ ഏഴു മുതല്‍
Tuesday, September 3, 2024 12:42 AM IST
കൊച്ചി: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ 50 ശതമാനം വിലക്കുറവുമായി കണ്‍സ്യൂമര്‍ ഫെഡ് ഓണം മേളകള്‍ ഒരുങ്ങുന്നു. 13 ഇന സബ്സിഡി സാധനങ്ങള്‍ക്കാണ് പൊതുമാര്‍ക്കറ്റിനേക്കാള്‍ 50 ശതമാനം വരെ വിലക്കുറവുള്ളത്. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 40 ശതമാനം വരെയും വിലക്കുറവ് ലഭിക്കും.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സി-എസ്ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് ഓണച്ചന്ത. ഏഴിന് ഓണച്ചന്ത ആരംഭിക്കും. ഒന്നാം ഓണദിനമായ 14ന് സമാപിക്കും. തിരുവോണ നാളില്‍ ഓണച്ചന്ത പ്രവര്‍ത്തിക്കില്ല.
15 ലക്ഷം കുടുംബങ്ങള്‍ക്കു സഹകരണ ഓണം വിപണിയിലൂടെ നേരിട്ട് പ്രയോജനം ലഭിക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് പറഞ്ഞു. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
എറണാകുളം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ എംഡി എം. സലിം, വൈസ്ചെയര്‍മാന്‍ അഡ്വ. ഇസ്മയില്‍, പര്‍ച്ചേസ് മാനേജര്‍ ദിനേശ്ലാല്‍, ഭരണവിഭാഗം മാനേജര്‍ ശ്യാം എന്നിവരും പങ്കെടുത്തു.