സിബില്‍ സ്കോർ പരിശോധിക്കുന്നവരുടെ എണ്ണത്തിൽ വർധന
Tuesday, September 3, 2024 12:42 AM IST
കൊച്ചി: രാജ്യത്തു സ്വന്തം സിബിൽ സ്കോറും റിപ്പോര്‍ട്ടും പരിശോധിക്കുന്നവരുടെ എണ്ണം മുൻ വർഷത്തേക്കാൾ 51 ശതമാനം വര്‍ധിച്ചെന്നു കണക്കുകൾ.
നൂറു ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ തങ്ങളുടെ സിബില്‍ സ്കോറും റിപ്പോര്‍ട്ടും പരിശോധിച്ചതായി 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെട്രോ ഇതര നഗരങ്ങളില്‍ സ്വയം നിരീക്ഷണം നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 57 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മെട്രോ മേഖലകളില്‍ 33 ശതമാനം വര്‍ധനയും ഉണ്ടായി.
നടപ്പു സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വാണിജ്യ സ്ഥാപനങ്ങള്‍ ആദ്യമായി തങ്ങളുടെ കമ്പനി ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ട്രാന്‍സ് യൂണിയന് സിബില്‍ പുറത്തിറക്കിയ എംപവറിംഗ് ഫിനാന്‍ഷ്യല്‍ ഫ്രീഡം, ദി റൈസ് ഓഫ് ക്രെഡിറ്റ് സെല്‍ഫ് മോണിറ്ററിംഗ് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.