വൈകി ഏലം വിളവെടുപ്പ് കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ഏലം വിളവെടുപ്പ് വൈകുന്നു. ഈ മാസം വിളവെടുപ്പ് ഊർജിതമാകുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റു. അതേസമയം സാഹചര്യം ഒത്താൽ ഒക്ടോബറിൽ പുതിയ ഏലക്ക വിളവെടുപ്പ് ആരംഭിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.
അങ്ങനെ വന്നാൽ ഈ വർഷം മൂന്നു റൗണ്ട് വിളവെടുപ്പിനു മാത്രമേ അവസരം ലഭിക്കൂ. സാധാരണ ആറ് റൗണ്ട് വരെ ഡിസംബർ അവസാനത്തിന് മുന്നേ പൂർത്തിയാക്കാറുണ്ട്. കഴിഞ്ഞ സീസണിൽ അരലക്ഷം ടൺ ഉത്പാദിപ്പിച്ചു. എന്നാൽ കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ ഇക്കുറി ഉത്പാദനം അമ്പത് ശതമാനംവരെ കുറയാം.
ദീപാവലി-നവരാത്രി ഡിമാന്റ് മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ വൈകാതെ ലേലത്തിൽ പിടിമുറുക്കും. ശരാശരി ഇനങ്ങൾ കിലോ 2200 രൂപയിലാണ്. വിദേശത്ത് പ്രീയമേറിയ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2700 രൂപ. ക്രിസ്മസ്-ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങൾ ഇന്ത്യൻ ഏലത്തിലേക്ക് ശ്രദ്ധതിരിച്ചു.
ജാതിക്കയിൽ നിരാശ ഔഷധ-കറിമസാല വ്യവസായികൾ വിദേശ ജാതിക്ക് മുൻതൂക്കം നൽകിയത് നാടൻ ഉത്പന്നത്തിന് ഡിമാന്റ് കുറച്ചു. വിലക്കയറ്റം പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവർ ജാതിക്ക വിറ്റുമാറുന്നുണ്ട്. മഴയുടെ വരവോടെ അന്തരീക്ഷ താപനില കുറഞ്ഞത് ജാതിക്കയിൽ പൂപ്പൽ ബാധയ്ക്ക് ഇടയാക്കിയത് വിലക്കയറ്റത്തിന് തടസമായി.
ഇന്തോനേഷ്യയിൽനിന്നും ശ്രീലങ്കയിൽനിന്നും കുറഞ്ഞ വിലയ്ക്ക് ചരക്ക് ലഭിക്കുന്നതാണ് വ്യവസായികളെ നാടൻ ചരക്കിൽനിന്നും പിന്തിരിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മധ്യകേരളത്തിലും ഹൈറേഞ്ചിലെ തോട്ടങ്ങളിലും കായ മൂപ്പ് എത്തും മുന്നേ കൊഴിഞ്ഞത് കർഷകർക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാത്തത് സ്റ്റോക്കിസ്റ്റുകളെ പിരിമുറുക്കത്തിലാക്കി. ജാതിക്ക തൊണ്ടൻ 190-240, ജാതിപ്പരിപ്പ് 400-440, ജാതിപത്രി 900-1350 രൂപയിലുമാണ്. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ മികച്ചയിനം ജാതിക്ക സംഭരിക്കുന്നുണ്ട്. അറബ് രാജ്യങ്ങളാണ് ജാതിക്കയിൽ താത്പര്യം കാണിച്ചത്.
രാജ്യത്ത് ഉത്സവ സീസണിന് തുടക്കം കുറിച്ചത് തക്കമാക്കി ഇന്തോനേഷ്യ പാം ഓയിൽ വില ഉയർത്തി ആദ്യ വെടി മുഴക്കി. മുന്നിലുള്ള മൂന്നു മാസക്കാലയളവിൽ വൻ ഓർഡറുകൾ എത്തുമെന്ന കണക്കു കൂട്ടലിലായിരുന്നു ജക്കാർത്തയിലെ കയറ്റുമതിക്കാർ. ഇന്തോനേഷ്യയുടെ നീക്കം തകർക്കാൻ ഇറക്കുമതി ഡ്യുട്ടി വർധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന വാണിജ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കയറ്റുമതി സമൂഹത്തെ സമ്മർദത്തിലാക്കി.
വിപണി പിടിച്ച് വെളിച്ചെണ്ണ വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നു. അയൽ സംസ്ഥാനത്തുനിന്നും വൻതോതിൽ എണ്ണ കേരളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഓണ വിപണി ചൂഷണം ചെയ്യാൻ തമിഴ്നാട് ലോബി വില ഉയർത്തി.
കൊച്ചിയിൽ എണ്ണ 16,500ൽ നിന്നും 16,800 രൂപയായി. എന്നാൽ വ്യവസായികൾ കൊപ്രയ്ക്ക് 100 രൂപ മാത്രം ഉയർത്തി 10,500 രൂപയാക്കി. പാം ഓയിൽ ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്തി, വാരാന്ത്യം പാം ഓയിൽ 9700 രൂപയിലാണ്.
ആഭരണ വിപണികളിൽ സ്വർണവില കയറി ഇറങ്ങി. പവൻ 53,560 രൂപയിൽനിന്നും 53,720 ലേയ്ക്ക് കയറിയെങ്കിലും പിന്നീട് നിരക്ക് പഴയ നിലവാരത്തിലേക്ക് താഴ്ന്നു. സ്വർണ വില ഗ്രാമിന് 6695 രൂപ.