യുപിഐ സംവിധാനത്തിൽ പരിഷ്കരണം
Thursday, August 8, 2024 11:44 PM IST
മുംബൈ: യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) സംവിധാനത്തിൽ പുതിയ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യം യുപിഐയിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുവഴി പ്രഥമിക ഉപയോക്താവിന്റെ യുപിഐ ഐഡിയിലൂടെ ഇനി മറ്റൊരാൾക്കു കൂടി പണമിടപാടുകൾ നടത്താനാകും. എന്നാൽ പ്രാഥമിക ഉപയോക്താവിന്റെ അനുമതിയോടെ മാത്രമാകും ഇത് സാധ്യമാകുക.
ഇതിലൂടെ പ്രായപൂർത്തിയാകാത്തവർക്കും യുപിഐ ഉപയോഗിക്കാൻ സാധിക്കും. കുടുംബ അക്കൗണ്ട് വഴിയുള്ള കുട്ടികളുടെ ഇടപാടിന് ഇനി രക്ഷിതാക്കൾ അനുമതി നൽകിയാൽ മതിയാകും. പ്രായപൂർത്തിയാകാത്തവരെ അവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ അംഗീകൃത ഉപയോക്താക്കളായി ചേർക്കാനും ഡെബിറ്റ് കാർഡ് നൽകാനും കഴിയുന്നതിന് സമാനമായ സംവിധാനമാണിത്.
ഈ സാഹചര്യത്തിൽ, പ്രായപൂർത്തിയാകാത്തവരെയോ ബാങ്ക് അക്കൗണ്ടില്ലാത്ത വ്യക്തിയെയോ യുപിഐ ആപ്പിലെ കുടുംബ അക്കൗണ്ടിലേക്ക് ചേർക്കാനും സാധിക്കും. ഈ ഇടപാടുകൾ ഒരു സേവിംഗ്സ് അക്കൗണ്ട് വഴി മാത്രമേ സാധിക്കൂ. യുപിഐയിലെ ക്രെഡിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ലൈൻ വഴി ഡെലിഗേറ്റഡ് പേമെന്റ് സൗകര്യം ലഭിക്കില്ല.
യുപിഐ വഴിയുള്ള നികുതി പേമെന്റുകളുടെ പരിധിയും ആർബിഐ വർധിപ്പിച്ചിട്ടുണ്ട്. ഇതിനുമുന്പ് ഇടപാട് പരിധി ഒരു ലക്ഷം രൂപയായിരുന്നു. ഈ പരിധി 5 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപയോക്താക്കൾക്ക് നികുതിയിൽനിന്നും രക്ഷനേടാം.
യുപിഐ പേമെന്റ് പരിധി ഒരു ലക്ഷമായിരുന്നപ്പോൾ അതിൽ കൂടുതൽ പണം കൈമാറുന്ന സാഹചര്യത്തിൽ ഉപയോക്താവ് നിശ്ചിത തുക നികുതിയായി നൽകേണ്ടി വരുമായിരുന്നു. എന്നാൽ ഈ പരിധി അഞ്ചു ലക്ഷമാക്കിയതോടെ അതിനു മുകളിലുള്ള തുകയ്ക്ക് നികുതി നൽകിയാൽ മതിയാകും.