സബ്സിഡി നിരക്കിൽ കാര്‍ഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
Thursday, August 8, 2024 11:44 PM IST
കോഴിക്കോട്: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് അമ്പതു ശതമാനംവരെ സബ്സിഡിയോടെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്നു.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെയും സംസ്ഥാന കാര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്മാമിനു കീഴിലാണ് ഇവ ലഭ്യമാക്കുന്നത്. അപേക്ഷകന് കുറഞ്ഞ ഭൂമിക്കെങ്കിലും കരം അടയ്ക്കുന്ന വ്യക്തിയായിരിക്കണമെന്ന് ചെയര്മാന് വി. കുഞ്ഞാലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്ട്രേഷന് നടത്താം. ഒരാള്‍ക്ക് രണ്ടുതരം കാര്‍ഷിക യന്ത്രങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. കഴിഞ്ഞവര്‍ഷം സബ്സിഡി ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
www.agrimachinery.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനില്‍ രജിസ്ട്രേഷന് നടത്താം. ഇതിനു സാധിക്കാത്തവര്‍ക്ക് വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ സൗജന്യമായി രജിസ്ട്രേഷന് കൗണ്ടര്‍ തുറന്നിട്ടുണ്ട്. ആദ്യം ലഭിക്കുന്ന നിശ്ചിത അപേക്ഷകര്‍ക്കു മാത്രമാണ് സബ്സിഡി ലഭിക്കുക.
കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. 0495-2370676 എന്ന നമ്പറില്‍ പത്തുമുതല്‍ അഞ്ചുവരെ ബന്ധപ്പെടാം. നോഡല്‍ ഓഫീസര്‍ രാകേഷ് ഗോപാലിന്റെ ഫോണ്‍: 9895211791.
വാര്‍ത്താസമ്മേളനത്തില്‍ അസി. എന്‍ജിനിയര്‍ സജീഷ്, നോഡല്‍ ഓഫീസര്‍ രാകേഷ് ഗോപാല്‍ എന്നിവരും സംബന്ധിച്ചു.