വയനാട്ടിൽ സർക്കാർ നിര്‍മിക്കുന്ന വീടുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നൽകും: ഫ്യൂമ്മ
Wednesday, August 7, 2024 1:10 AM IST
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പുനരധിവാസ പാക്കേജില്‍ നിര്‍മിക്കുന്ന മുഴുവന്‍ വീടുകള്‍ക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള (ഫ്യൂമ്മ) സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ അറിയിച്ചു.
ഒരു വീട്ടിലേക്കാവശ്യമായ കട്ടില്, കിടക്ക, തലയണകള്‍, ബെഡ്ഷീറ്റ്, ഡൈനിംഗ് ടേബിള്‍, നാല് ഡൈനിംഗ് ചെയര്‍, രണ്ട് അലമാര, രണ്ട് പ്ലാസ്റ്റിക് ആം ചെയര്‍, ഡ്രോയിംഗ് റൂമിൽ നാലു കസേര, ടീപോയ്, ഡോര്‍ മാറ്റുകള്‍ എന്നിവയാണ് ഫ്യൂമ്മ നൽകുക.
കേരളത്തിലെ മുഴുവന്‍ ഫര്‍ണിച്ചര്‍ വ്യാപാരി വ്യവസായികളുടെയും സഹകരണത്തോടെയാണ് മൂന്നു കോടിയിലേറെ രൂപ വിലവരുന്ന ഫര്‍ണിച്ചറുകള്‍ നല്‍കുക. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ധാരണാപത്രം കൈമാറാന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫ്യൂമ്മ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.