പ്രമുഖ ഫിൻടെക് കന്പനി ഇസിഎസ് ഫിൻ ടെക്നോപാർക്കിൽ ഓഫീസ് തുറന്നു
Tuesday, August 6, 2024 12:33 AM IST
തിരുവനന്തപുരം: ആഗോളതലത്തിൽ വിവിധ തരത്തിലുള്ള ധനഇടപാടുകൾക്കാവശ്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്ന ഇസിഎസ് ഫിന്നിനു ടെക്നോപാർക്കിൽ പുതിയ ഓഫീസ്. ഇസിഎസ് ഫിന്നിന്റെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകത വർധിച്ചതോടെയാണ് യുഎസ് ആസ്ഥാനമായ ഇസിഎസ് ഫിൻ ടെക്നോപാർക്കിൽ ഓഫീസ് തുറന്നത്.
"ഇസിഎസ് ഫിന്നിന്റെ പുതിയ ഓഫീസ് ടെക്നോപാർക്ക് സിഇഒ കേണൽ (റിട്ട) സഞ്ജീവ് നായർ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ഫേസ്1 ൽ നിള ബിൽഡിംഗിന്റെ നാലാം നിലയിലാണു കന്പനിയുടെ പുതിയ ഓഫീസ്.
ധനകാര്യ സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കുമുള്ള സന്പൂർണ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇസിഎസ് ഫിൻ 1999 ലാണ് ആരംഭിച്ചത്. ആദ്യ സോഫ്റ്റ്വേർ ആപ്ലിക്കേഷൻ 2009 ൽ പുറത്തിറക്കിയ ഇസിഎസ് ഫിന്നിലൂടെ പേയ്മെന്റുകൾ, ട്രേഡ് പ്രോസസിംഗ്, ട്രഷറി സൊലൂഷനുകൾ തുടങ്ങിയവ ലഭ്യമാകും.