കെഎസ്എഫ്ഇയിൽ ‘ആശ്വാസ് 2024’ കുടിശികനിവാരണ പദ്ധതി
Thursday, August 1, 2024 12:15 AM IST
തൃശൂർ: കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശിക വരുത്തിയവർക്കു മുടക്കു തീർക്കുന്നതിനും ഒറ്റത്തവണ തീർപ്പാക്കലിനുമായി ‘ആശ്വാസ് 2024’ എന്ന പേരിൽ പുതിയ കുടിശികനിവാരണ പദ്ധതി നടപ്പാക്കി.
ഇന്നു നിലവിൽവരുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ സെപ്റ്റംബർ 30 വരെ ലഭ്യമാകും. റവന്യു റിക്കവറിയായ കുടിശികക്കാർക്കും അങ്ങനെയാകാത്ത കുടിശികക്കാർക്കും ആനുകൂല്യം ലഭിക്കും.
ചിട്ടി കുടിശികക്കാർക്കു പലിശയിൽ പരമാവധി 50 ശതമാനംവരെയും വായ്പാകുടിശികക്കാർക്കു പിഴപ്പലിശയിൽ പരമാവധി 50 ശതമാനംവരെയും നിബന്ധനകൾക്കു വിധേയമായി ഇളവു ലഭിക്കും.
പദ്ധതിക്കാലയളവിൽ ഗഡുക്കളായും കുടിശിക തീർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളെയും അല്ലാത്ത കുടിശികക്കാർ ബന്ധപ്പെട്ട കെഎസ്എഫ്ഇ ഓഫീസുകളെയും സമീപിക്കണം. ഫോൺ: 9447798003, 9446006214.
ദുരിതാശ്വാസനിധിയിലേക്ക് കെഎസ്എഫ്ഇ അഞ്ചുകോടി നല്കും
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ജീവനാശത്തിലും മറ്റു കഷ്ടനഷ്ടങ്ങളിലും കെഎസ്എഫ്ഇ ദുഃഖം രേഖപ്പെടുത്തുന്നുവെന്നു ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും അറിയിച്ചു.
ദുരന്തത്തിന്റെ പാർശ്വഫലങ്ങളിൽനിന്നു വയനാടിനെ കരകയറ്റാൻ സർക്കാരിനൊപ്പം കെഎസ്എഫ്ഇയും പങ്കുചേരും. ഇതിന്റെ ഭാഗമായി കെഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കുമെന്നും പുനരധിവാസപ്രവർത്തനങ്ങളിൽ കെഎസ്എഫ്ഇയുടെ പങ്കാളിത്തം സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് ഉറപ്പു വരുത്തുമെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.