ഫെഡറല്‍ ബാങ്കിനു റിക്കാർഡ് ലാഭം
Wednesday, July 24, 2024 11:53 PM IST
കൊച്ചി: 2024 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1,009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
റിക്കാർഡ് അറ്റാദായത്തിന്റെ കരുത്തോടെ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങാന്‍ സാധിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. നിക്ഷേപത്തിലും വായ്പയിലും ബാങ്കിംഗ് മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന തരത്തില്‍ കൈവരിച്ച വളര്‍ച്ച ബാങ്കിന്റെ മാർക്കറ്റ് വിഹിതം ക്രമാനുഗതമായി ഉയര്‍ത്താന്‍ സഹായകമാകും. ശാഖകളുടെ എണ്ണം വർധിപ്പിച്ചും ഡിജിറ്റലായും നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യമെമ്പാടും എത്താന്‍ ബാങ്കിനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനലാഭത്തിലും ബാങ്കിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 15.25 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1,500.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,302.35 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.92 ശതമാനം വര്‍ധിച്ച് 4,86,871.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 2,22,495.50 കോടി രൂപയായിരുന്ന നിക്ഷേപം 2,66,064.69 കോടി രൂപയായി വര്‍ധിച്ചു.
വായ്പാ വിതരണത്തിലും ബാങ്കിനു മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,83,487.41 കോടി രൂപയില്‍നിന്ന് 2,20,806.64 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70,020.08 കോടി രൂപയായി.
കാര്‍ഷിക വായ്പകള്‍ 29.68 ശതമാനം വര്‍ധിച്ച് 30,189 കോടി രൂപയിലും വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 23.71 ശതമാനം വര്‍ധിച്ച് 22,687 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 12.20 ശതമാനം വര്‍ധിച്ച് 76,588.62 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2,291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 1,918.59 കോടി രൂപയായിരുന്നു.
4,738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1,330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30,300.84 കോടി രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിനു നിലവില്‍ 1,518 ബാങ്കിംഗ് ഔട്ട്ലെറ്റുകളും 2,041 എടിഎമ്മുകളുമുണ്ട്.