ഐജിഎസ്ടി: നാലു വർഷത്തിൽ കേരളത്തിന് നഷ്ടം 25,000 കോടി
Friday, July 12, 2024 12:00 AM IST
തിരുവനന്തപുരം: ജിഎസ്ടി നിർണയത്തിലെ സങ്കീർണതകൾ മൂലം 2017 മുതൽ 2021 വരെയുള്ള നാലുവർഷ കാലയളവിൽ കേരളത്തിന് ഐജിഎസ്ടി ഇനത്തിൽ 20,000 മുതൽ 25,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടായിട്ടുണ്ടാകാമെന്നു കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റിയുടെ റിപ്പോർട്ട്.
കമ്മിറ്റിയുടെ 2019-20 മുതൽ 2020- 21 കാലയളവിലെ റിപ്പോർട്ടിലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ജൂണ്‍ വരെ ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചിരുന്നതിനാൽ യഥാർഥ നഷ്ടം ഇത്രതന്നെ വരില്ലെങ്കിലും നഷ്ടപരിഹാരം അവസാനിച്ചതിനുശേഷം ഉയരാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം കേരളത്തിലേക്ക് 1.5 ലക്ഷം കോടി രൂപയുടെ ഇറക്കുമതി നടക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. എത്തിച്ചേരുന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സന്പ്രദായം എന്ന നിലയിൽ കേരളം ജിഎസ്ടിയെ ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഒരുതരത്തിലും നേട്ടമുണ്ടാകാത്ത നിലയിലാണു ജിഎസ്ടി നടപ്പിലാക്കിയിരിക്കുന്നത്.
ഐജിഎസ്ടി സെറ്റിൽമെന്റിനുള്ള സുതാര്യമായ ഒരു സംവിധാനം കൊണ്ടുവന്നാൽ മാത്രമേ കേരളത്തെ പോലെയുള്ള സംസ്ഥാനത്തിനു ഗുണകരമാകുകയുള്ളൂ. ഇപ്പോഴത്തെ നിലയിൽ റവന്യുനഷ്ടം ഉണ്ടാകുന്ന തരത്തിലാണു നികുതി സന്പ്രദായത്തിനു രൂപംനൽകിയിരിക്കുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ ജിഎസ്ടി സന്പ്രദായത്തിലേക്കു മാറുന്നതിനു വർഷങ്ങൾക്കു മുന്‍പു ജിഎസ്ടി നടപ്പിലാക്കിയ കാനഡ പോലെയുള്ള രാജ്യങ്ങളിൽ പോലും ഇപ്പോഴും കുറവുകൾ പൂർണമായും തിരുത്തപ്പെട്ടിട്ടില്ല.
ജിഎസ്ടി കൗണ്‍സിലും കേന്ദ്രസർക്കാരുമായി നിരന്തരമായി ഇടപെട്ട് ഈ പ്രശ്നത്തിനു പരിഹാരം കാണാനാകുമെന്നു കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. ഡോ. ഡി. നാരായണ ചെയർപേഴ്സണ്‍ ആയിട്ടുള്ള കമ്മിറ്റിയിൽ ഡോ. എൻ. രാമലിംഗം, ഡോ. പി.എൽ. ബീന, സിദ്ദിഖ് റാബിയാത്ത് എന്നിവർ അംഗങ്ങളാണ്.