രാജ്യത്തെ പ്രഥമ ജെന്‍ എഐ കോൺക്ലേവ് കൊച്ചിയിൽ
Tuesday, July 9, 2024 12:56 AM IST
കൊച്ചി: രാജ്യത്തെ ആദ്യ ജനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവ് (ജെന്‍ എഐ) കൊച്ചിയിൽ നടക്കും. സാങ്കേതികാധിഷ്ഠിത സംരംഭങ്ങളുടെ ആഗോളമേഖലയാകാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 11,12 തീയതികളില്‍ കൊച്ചി ഗ്രാൻഡ് ഹയാത്ത് കണ്വന്ഷന് സെന്ററിലാണ് കോൺക്ലേവ് നടക്കുന്നത്.
വിവിധ പൊതുസേവനങ്ങള്‍ സുതാര്യവും കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനു നൂതന സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ പദ്ധതിരേഖയും സമ്മേളനത്തില്‍ രൂപപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എഐ മേഖലയില്‍നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ സമ്മേളനത്തിനെത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്‍ഡസ്ട്രി 4.0ലേക്ക് കേരളത്തെ മികച്ച രീതിയില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ജെന്‍ എഐ കോണ്‍ക്ലേവ്. വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഐബിഎമ്മിന്റെ ഉപഭോക്താക്കള്‍, പങ്കാളികള്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുമുള്ള ആയിരത്തോളം പ്രതിനിധികള്‍ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.