പ്രവർത്തനമികവിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് സൈം
Sunday, July 7, 2024 12:36 AM IST
പ്രവർത്തനമികവിന്റെ 33 സംവത്സരം പിന്നിട്ട് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഒാൻട്രപ്രണർഷിപ്പ് (XIME) ജൈത്രയാത്ര തുടരുന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രഫ. ജെ. ഫിലിപ്പിന്റെ നേതൃത്വത്തിൽ മാനേജ്മെന്റിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് 1991ലാണ് സൈം വിദ്യാഭ്യാസദൗത്യം ആരംഭിച്ചത്. കഴിഞ്ഞ മേയ് 28ന് സൈം മഹത്തായ സേവനത്തിന്റെ 33 വർഷം പൂർത്തിയാക്കി. 30-ാം ബാച്ച് കോഴ്സ് നാളെ ആരംഭിക്കുകയുമാണ്.
എളിയ തുടക്കം
1991 മേയ് 28ന് ബംഗളൂരുവിലെ സെന്റ് മർത്താസ് ആശുപത്രി കോമ്പൗണ്ടിലെ ചെറിയൊരു ഷെഡിൽ സൈം അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കമിട്ടു. 2001ൽ ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ വിപുലമായ സ്വന്തം കാന്പസിലേക്കു മാറി. 2013ൽ കൊച്ചിയിലും 2017ൽ ചെന്നൈയിലും കാന്പസുകൾ ആരംഭിച്ചു.
സൈമിലെ അന്തരീക്ഷം വിവിധ തരത്തിൽ വൈവിധ്യപൂർണമാണ്. കാന്പസുകളിലെ ലിംഗസമത്വം 50:50 ആണെന്നത് ഉദാഹരണം. വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർഥികളുള്ള അക്കാദമിക് വൈവിധ്യം, ജോലിപരിചയമുള്ളതും ഇല്ലാത്തതുമായ വിദ്യാർഥികളുടെ കൂട്ടായ്മ എന്നിവയെല്ലാം പ്രത്യേകതകളാണ്. കാമ്പസിലെ സാംസ്കാരിക വൈവിധ്യമാണ് മറ്റൊരു പ്രധാന സവിശേഷത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ സ്ഥാപനത്തിലെ കാന്പസുകൾ ഇന്ത്യയുടെ ചെറിയൊരു പതിപ്പാണ്.
നേട്ടങ്ങളേറെ
സൈം വിദ്യാർഥികൾ നേടിയ പുരസ്കാരങ്ങൾ അനവധിയാണ്. എഐഐഎ, സിഐഐ ചെന്നൈ, എംഎംഎ, എൻഐപിഎം തുടങ്ങിയ പ്രൊഫഷണൽ അസോസിയേഷനുകൾ ആതിഥേയത്വം വഹിച്ചതുൾപ്പെടെ നിരവധി ഇന്റർകൊളീജിയറ്റ് മത്സരങ്ങളിൽ സൈമിന്റെ വിദ്യാർഥികൾ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
2014 ലും 2017ലും എഐഎംഎ ദേശീയതല മത്സരത്തിൽ സൈം വിദ്യാർഥികൾ പ്രശസ്തമായ ‘ചാന്പ്യൻസ് ഓഫ് ഇന്ത്യ’ പുരസ്കാരം നേടി. 2018ൽ എംബിഎ വിദ്യാർഥികൾക്കായുള്ള എഐഎംഎ സൗത്ത് ഇന്ത്യ മത്സരത്തിൽ മൂന്ന് സമ്മാനങ്ങളും നേടി. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന എസ്ബിഐ ഐഡിയേഷൻഎക്സ് നാഷണൽസിൽ സൈം ബംഗളൂരു ടീം ജേതാക്കളാകുകയും പത്തു ലക്ഷം രൂപയുടെ സമ്മാനം നേടുകയും ചെയ്തു.
മൂന്ന് കാന്പസുകൾ
ഇപ്പോൾ സൈം മൂന്ന് കാമ്പസുകളുമായി വേറിട്ടു നിൽക്കുന്നു. 600 വിദ്യാർഥികളാണ് ഈ കാന്പസുകളിൽ പഠിക്കുന്നത്. ബംഗളൂരു കാന്പസിൽ 300 വിദ്യാർഥികളും (പിജിഡിഎമ്മിന് 240, പിജിഡിഎം-ബിഎയ്ക്ക് 60), കൊച്ചി, ചെന്നൈ കാന്പസുകളിൽ 150 വീതം വിദ്യാർഥികളും പഠിക്കുന്നു. ഓരോ വർഷവും ശക്തമായ പ്ലേസ്മെന്റ് റെക്കോർഡോടെയാണു സ്ഥാപനത്തിന്റെ മുന്നേറ്റം. സൈമിന്റെ 4000ത്തോളം വരുന്ന പൂർവവിദ്യാർഥികൾ നിലവിൽ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായ സംരംഭങ്ങളുടെയും വിവിധ മേഖലകളിൽ മാനേജർ, സംരംഭക പദവികൾ വഹിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ മേഖലയിലേക്കും
ഈ വർഷം സൈം മറ്റൊരു സമുന്നത നേട്ടംകൂടി കൈവരിച്ചു. കോട്ടയം ഏറ്റുമാനൂരിനടുത്ത് പള്ളിക്കുന്നിൽ സൈം ഇന്റർനാഷണൽ സ്കൂൾ (എക്സ്ഐഎസ്) സ്ഥാപിച്ചുകൊണ്ട് സ്കൂൾ വിദ്യാഭ്യാസരംഗത്തേക്കും സ്ഥാപനം ചുവടുവച്ചുകഴിഞ്ഞു. 2024 ജൂൺ മൂന്നിന് സ്കൂളിൽ പ്രഥമ പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകളുടെ ബാച്ച് ആരംഭിച്ചു.
സംരംഭക, മാനേജ്മെന്റ് മേഖലയിൽ കഴിവുറ്റതും ഊർജസ്വലരുമായ യുവതലമുറയെ വാർത്തെടുക്കാനുള്ള പ്രതിബദ്ധതയുമായി മൂന്നു പതിറ്റാണ്ടിലേറെയായി രാഷ്ട്രനിർമാണ പ്രക്രിയയിൽ ഭാഗഭാഗിത്വം വഹിക്കുന്ന സൈമിനു മുന്നിൽ ഇനിയും ലക്ഷ്യങ്ങളേറെയുണ്ട്.
പ്രതിബദ്ധതയും ദീർഘവീക്ഷണവും കഠിനാധ്വാനവുമുണ്ടെങ്കിൽ ചെറിയ തുടക്കങ്ങൾ അസാധാരണമായ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് സൈമിന്റെ വിജയഗാഥ ഓർമിപ്പിക്കുന്നു.