കാലിത്തീറ്റയ്ക്കു 100 രൂപ സബ്സിഡി പ്രഖ്യാപിച്ച് തിരുവനന്തപുരം മിൽമ
Sunday, July 7, 2024 12:36 AM IST
തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വഴി വിൽക്കുന്ന ഓരോ ചാക്ക് മിൽമ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നൽകാൻ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു.
ഈ മാസവും അടുത്ത മാസവും വിൽപന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്നു മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
കർഷകരുടെ പാലളവിന് ആനുപാതികമായിട്ടായിരിക്കും കാലിത്തീറ്റ സബ്സിഡി നൽകുക. ഈയിനത്തിൽ ഏകദേശം 1.25 കോടി രൂപയുടെ അധികചെലവാണ് മേഖല യൂണിയന് ഉണ്ടാകുന്നത്.
പാൽ ഉത്പാദനവും സംഭരണവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം കന്നുകാലി ഇൻഷ്വറൻസ് സബ്സിഡിയും നൽകുന്നുണ്ട്. ഇൻഷ്വർ ചെയ്യുന്ന കാലാവധിക്ക് അനുസൃതമായി 2000 രൂപ മുതൽ 3500 രൂപ വരെ സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.