വെള്ളൂരില്‍ മഞ്ഞക്കൊന്നയില്‍നിന്നു കടലാസ്; ഉത്പാദനം ഉടന്‍ തുടങ്ങും
Saturday, July 6, 2024 12:16 AM IST
റെജി ജോസഫ്
കോട്ടയം: വനജൈവവൈവിധ്യത്തിനു ഭീഷണിയായ മഞ്ഞക്കൊന്ന പള്‍പ്പാക്കി വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) അടുത്തയാഴ്ച കടലാസ് ഉത്പാദനം തുടങ്ങും. ആദ്യഘട്ടമായി നോര്‍ത്ത് വയനാട് ഡിവിഷനില്‍നിന്ന് 5,000 ടണ്‍ കൊന്നത്തടിയാണ് വെള്ളൂരില്‍ എത്തിക്കുന്നത്. ടണ്ണിന് 350 രൂപയാണു നിരക്ക്. ഈ തുക സ്വാഭാവിക വന പുനഃസ്ഥാപനത്തിനു വിനിയോഗിക്കും.
പേപ്പര്‍ നിര്‍മാണത്തിനാവശ്യമായ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന ദീര്‍ഘകാല കരാറിനു വനംവകുപ്പും കെപിപിഎലുമായി ധാരണയായിരുന്നു. കേരളത്തില്‍ വയനാട്, പെരിയാര്‍ വന്യജീവി സങ്കേതങ്ങളിലാണു മഞ്ഞക്കൊന്ന അതിവേഗം പടര്‍ന്നു വളരുന്നത്. വയനാട് സങ്കേതത്തിലെ 35 ശതമാനം പ്രദേശങ്ങളിലെ 123.86 ചതുരശ്ര കിലോമീറ്ററില്‍ ഇതു മരമായി തിങ്ങിവളരുന്നു. ഈറ്റ, മുള, പുല്ല് എന്നിവയെ ഞെരുക്കിക്കളയുന്ന രാക്ഷസക്കൊന്ന വന്യമൃഗങ്ങള്‍ ഭക്ഷണമാക്കില്ല.
നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തില്‍ ഈ സസ്യത്തിന്റെ വ്യാപനം ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ പ്രതികൂലമാക്കുകയും ചെയ്യുമെന്നതിനാലാണു മുറിച്ചുമാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചത്. വന്യമൃഗങ്ങളുടെ നാടിറക്കത്തിനു പിന്നിലെ ഒരു കാരണം കാട്ടിലെ തീറ്റക്ഷാമമാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 29-ാം വകുപ്പുപ്രകാരം വന്യജീവി സങ്കേതങ്ങളില്‍നിന്നു യാതൊരുവിധ മരവും വാണിജ്യം ഉള്‍പ്പെടെ ഒരാവശ്യത്തിനും നീക്കം ചെയ്യാന്‍ പാടില്ലെന്നു സുപ്രീം കോടതി വിധിച്ചിരുന്നു.
എന്നാല്‍ മദ്രാസ് ഹൈക്കോടതി മഞ്ഞക്കൊന്ന പോലുള്ള സസ്യങ്ങള്‍ നീക്കം ചെയ്യുന്നതിനു തടസമില്ലെന്ന് 2022 ഓഗസ്റ്റില്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു മഞ്ഞക്കൊന്ന നീക്കംചെയ്തു കടലാസ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്താനുള്ള തീരുമാനം. അടുത്ത ഘട്ടമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, വാറ്റില്‍ തുടങ്ങിയ മരങ്ങള്‍ കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്.