‘കെ-സ്മാർട്ട് ’മാതൃകയാക്കാൻ; ഇൻഫർമേഷൻ കേരളയുമായി ധാരണാപത്രം ഒപ്പുവച്ച് കർണാടക
Saturday, June 15, 2024 12:28 AM IST
കോഴിക്കോട്: കേരള സർക്കാർ നഗരസഭകളിൽ നടപ്പാക്കിയ കെ-സ്മാർട്ട് സോഫ്റ്റ്വേർ കർണാടകയിൽ നടപ്പാക്കുന്നു. കേരളത്തിൽ ഈ സോഫ്റ്റ്വേറിന്റെ പ്രവർത്തനം വിലയിരുത്തിയ കർണാടക സർക്കാർ കെ-സ്മാർട്ട് സോഫ്റ്റ്വേർ അവിടെ നടപ്പാക്കാൻ ഇൻഫർമേഷൻ കേരളയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേരളത്തിലെ അധികാര വികേന്ദ്രീകരണവും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും മനസിലാക്കുന്നതിന് അഞ്ചാം കർണാടക ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. പി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ മേയിൽ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. കർണാടക ഉന്നതതല സംഘവുമായി കേരള തദേശ വകുപ്പുമന്ത്രി ചർച്ച നടത്തുകയും കേരളത്തിന്റെ മികവുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൊതുവിതരണം, തദേശ സ്വയംഭരണം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ ഒട്ടേറെ മാതൃകകൾ കർണാടക സർക്കാർ പകർത്തിയതിന്റെ അനുഭവങ്ങൾ കർണാടകസംഘം സന്ദർശനവേളയിൽ കേരളവുമായി പങ്കുവച്ചിരുന്നു.
കേരളത്തിലെ തദേശ സ്ഥാപനങ്ങൾക്കു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയതാണ് കെ-സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) സോഫ്റ്റ്വേർ.
അപേക്ഷകൾ കടലാസിൽ സ്വീകരിക്കുന്ന പഴഞ്ചൻ രീതികൾ മാറ്റി സുതാര്യമായും കാലതാമസമില്ലാതെയും സേവനം ലഭ്യമാക്കുന്ന കെ-സ്മാർട്ടിന്റെ മികവാണ് കർണാടക പ്രതിനിധിസംഘത്തെ ആകർഷിച്ചത്.