പായ്ക്കിംഗ് ലേബൽ അവ്യക്തം; ബേബി ഷാംപൂ കന്പനി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Saturday, May 25, 2024 1:11 AM IST
കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ബേബി ഷാംപൂ നിർമാണ കന്പനി 2011ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതായും വിഷയത്തിൽ പരാതിപ്പെട്ട ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വിഷയത്തിൽ നേരത്തേ തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു.
പരാതിക്കാരൻ വാങ്ങിയ 100 എംഎൽ അളവുള്ള ബേബി ലോഷന്റെ ലേബലിൽ യൂസേജ്, ഇൻഗ്രീഡിയന്റ്സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് അവ്യക്തമാണെന്നും 2011ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലീഗൽ മെട്രോളജി വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എതിർകക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണു പരാതി സമർപ്പിച്ചത്.
ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെംബർമാരുമായ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തുകയിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കുള്ളതാണ്.