ആർബിഐ ഇഫക്ട്; ഓഹരിവിപണിയിൽ അപ്രതീക്ഷിത കുതിപ്പ്
Friday, May 24, 2024 3:02 AM IST
മുംബൈ: മുംബൈ ഓഹരിവിപണിയിൽ വൻ കുതിപ്പ്. 75,000 പോയിന്റ് പിന്നിട്ട സെൻസെക്സും കുതിച്ചുചാട്ടം നടത്തിയ നിഫ്റ്റിയും സർവകാല റിക്കാർഡ് കുറിച്ചു. സെൻസെക്സ് 1,197 പോയിന്റുയർന്ന് 75,418ലും നിഫ്റ്റി 370 പോയിന്റ് വർധിച്ച് 22,968ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തിൽ സെൻസെക്സ് 1,279 പോയിന്റ് വർധിച്ച് 75,499.91 എന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 22,993.60 എന്ന പോയിന്റ് നിലയിൽ തൊട്ടശേഷം താഴേക്കിറങ്ങി.
റിസർവ് ബാങ്ക് മാർച്ച് 31ന് അവസാനിച്ച സാന്പത്തിക വർഷത്തിലെ ലാഭവിഹിതമായി 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു നൽകുമെന്നു പ്രഖ്യാപിച്ചതാണു വിപണിയുടെ അപ്രതീക്ഷിത കുതിപ്പിന്റെ പ്രധാന കാരണം. പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയാണ് ആർബിഐ കേന്ദ്രത്തിനു നൽകുന്നത്. ജൂണിൽ അധികാരത്തിലെത്തുന്ന പുതിയ സർക്കാരിനു ലഭിക്കുന്ന ബോണസാകും ഈ തുക. കേന്ദ്രത്തിന്റെ ധനക്കമ്മി കുറയ്ക്കാനും ഈ തുക ഉപകരിക്കും.
തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയസ്ഥിരതയുണ്ടാകുമെന്ന വിപണിയുടെ സന്ദേശമാണ് നിഫ്റ്റിയുടെ കുതിപ്പെന്ന് ജിയോജിത് ഫിനാൻഷൽ സർവീസസിന്റെ മുഖ്യ നിക്ഷേപക തന്ത്രജ്ഞൻ വി.കെ. വിജയകുമാർ പറഞ്ഞു.
ബുധനാഴ്ചയിലെ റാലിയിൽ അദാനി എന്റർപ്രൈസസും ആക്സിസ് ബാങ്കുമാണു പ്രധാനമായും നേട്ടമുണ്ടാക്കിയത്; യഥാക്രമം 5.6 ശതമാനവും 3.6 ശതമാനവും. അദാനി പോർട്സ്, ഇൻഡസ്ലൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നീ ഓഹരികൾ മൂന്നു ശതമാനം ഉയർന്നു. സെക്ടറൽ സൂചികകളിൽ ഐടി, ഓട്ടോ, ബാങ്ക് എന്നിവ 1.5 ശതമാനം നേട്ടത്തിലാണ്. സെൻസെക്സിൽ മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കന്പനികളും നേട്ടം കൊയ്തു.
19,568 പോയിന്റിലെത്തിയ നിഫ്റ്റി മിഡ്കാപ് സൂചികയും ഇന്നലെ സർവകാല റിക്കാർഡ് കുറിച്ചു. സ്മോൾകാപ് സൂചിക 15,920 വരെയെത്തി. സർവകാല റിക്കാർഡായ 15,973നേക്കാൾ 50 പോയിന്റ് കുറവാണിത്.
വിപ്രോയെ പുറത്താക്കി അദാനി
സെൻസെക്സിലെ 30 ഓഹരികളുടെ പട്ടികയിൽ വിപ്രോയ്ക്കു പകരം അദാനി എന്റർപ്രൈസസ് ഓഹരികൾ ഇടംപിടിക്കും. റീ ബാലൻസിംഗിന്റെ ഭാഗമായി ആറു മാസത്തിലൊരിക്കൽ സൂചികയിൽ ഉൾപ്പെട്ട ഓഹരികളിൽ മാറ്റം വരുത്താറുണ്ട്. ആദ്യമായാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിൽനിന്ന് ഒരു കന്പനി സെൻസെക്സിൽ ഇടംപിടിക്കുന്നത്.
2023ൽ അദാനി എന്റർപ്രൈസസ് സെൻസെക്സിൽ ഇടം നേടേണ്ടതായിരുന്നു. എന്നാൽ, അദാനി കന്പനികൾക്കെതിരേ ഗുരുതര ആരോപണവുമായി ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത് അവസരം നഷ്ടമാക്കി. നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസും അദാനി പോർട്സും നേരത്തേ സ്ഥാനം പിടിച്ചിരുന്നു.