ധനലക്ഷ്മി ബാങ്കിന് 57.82 കോടി ലാഭം
Friday, May 24, 2024 3:02 AM IST
തൃശൂർ: ധനലക്ഷ്മി ബാങ്ക് 2023-24 സാന്പത്തികവർഷം 57.82 കോടി രൂപ ലാഭം കൈവരിച്ചു. 69.26 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻ സാന്പത്തികവർഷം 49.36 കോടിയായിരുന്നു അറ്റലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 6.39 ശതമാനം വളർച്ച കൈവരിച്ച് 24,687 കോടി രൂപയായി.
ആകെ നിക്ഷേപം 7.03 ശതമാനം വളർച്ച നേടി 14,290 കോടി രൂപയായി. മൊത്തം വായ്പ, സ്വർണപ്പണയ വായ്പ, പലിശ-പലിശയേതര വരുമാനം എന്നിവയിലും ഗണ്യമായ വർധന രേഖപ്പെടുത്തി. നിഷ്ക്രിയ ആസ്തി കുറയ്ക്കാനും ഇക്കാലയളവിൽ ബാങ്കിനു കഴിഞ്ഞു.
ബാങ്കിന്റെ ഓഹരിയുടെ ബുക്ക് വാല്യൂ 37.99 രൂപയിൽനിന്ന് 40.70 രൂപയായി വർധിച്ചിട്ടുണ്ട്. സാന്പത്തികവർഷത്തിൽ ബാങ്കിന്റെ പ്രകടനം തൃപ്തികരമാണെന്നും നിലവിലെ വിപണിസാഹചര്യം കൂടുതൽ വളർച്ചയ്ക്കു സഹായകമാവുമെന്നും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ.കെ. ശിവൻ പറഞ്ഞു.