ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
Friday, April 19, 2024 11:15 PM IST
വാഷിംഗ്ടണ്‍: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചതോടെ എണ്ണയുടെയും സ്വർണത്തിന്റെയും വിലയിൽ വൻ കുതിപ്പ്.
ആക്രമണത്തിനു പിന്നാലെ ബ്രന്റ് ക്രൂഡ് വില ബാരലിന് ഒരു ഘട്ടത്തിൽ 90 ഡോളറിനു മുകളിലെത്തി. റിക്കാർഡ് കുറിച്ച സ്വർണം ഔണ്‍സിന് 2,400 ഡോളർ എന്ന നിലയിലാണ്. അസ്ഥിരമായ കാലങ്ങളിൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില വർധിക്കുന്നതു പതിവാണ്.
ഇസ്രേലി ആക്രമണത്തിത്തിന്റെ റിപ്പോർട്ടുകൾക്കു പിന്നാലെ എണ്ണവില വർധിച്ചെങ്കിലും, ഇറാൻ വാർത്തകൾ നിഷേധിച്ചതോടെ വിലയിടിഞ്ഞു. തുടക്കത്തിൽ 3.5 ശതമാനം ഉയർന്ന എണ്ണവില പിന്നീട് 87 ഡോളറിലേക്കു താണു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയ കാലത്തെ എണ്ണവിലയോളം നിലവിൽ ബ്രന്റ് ക്രൂഡിന് വില വർധിച്ചിട്ടില്ല.
അന്ന് ലോകരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണവില ബാരലിന് 125 ഡോളറിലെത്തിയിരുന്നു. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമായി. കഴിഞ്ഞയാഴ്ച ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തോട്, ഇസ്രയേൽ ഭാവിയിൽ എങ്ങനെ പ്രതികരിക്കുമെന്നു നിക്ഷേപകരും ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
എണ്ണവില ഉയർന്നാൽ പണപ്പെരുപ്പത്തിന്റെ വേഗം വർധിക്കും. പെട്രോളും ഡീസലും കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് എണ്ണവില വർധിക്കുന്നതു വൻ തിരിച്ചടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെന്പാടും ജീവിതച്ചെലവ് ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഇന്ധന-ഈർജ വിലയിലെ വർധനയാണ്.
പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കുണ്ട്. ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത കപ്പൽ ഗതാഗതം ലോകരാജ്യങ്ങൾക്ക് നിർണായകമാണ്.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ 20 ശതമാനവും ഈ വഴിയാണ് നടക്കുന്നത്. ഒപെക് രാജ്യങ്ങൾ (സൗദി അറേബ്യ, ഇറാൻ, യുഎഈ കുവൈറ്റ്, ഇറാക്ക്) ഈ വഴിയാണ് എണ്ണ അയയ്ക്കുന്നത്. ഇറാൻ ലോകത്തെ ഏഴാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ്; ഒപെക്കിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദകരും. അതുകൊണ്ടുതന്നെ ഇറാന്റെ തുടർനടപടികൾക്കും പ്രാധാന്യം ഏറെയുണ്ട്.