മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
Thursday, April 18, 2024 1:53 AM IST
കൊച്ചി: 2024 സാമ്പത്തിക വര്‍ഷം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 14 ലക്ഷം കോടിരൂപ വര്‍ധിച്ച് 53.40 ലക്ഷം കോടി രൂപയിലെത്തിയതായി 2024 മാര്‍ച്ചിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023 മാര്‍ച്ചിലെ 39.42 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനവാണിത്.
2021 സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ ഉണ്ടായ 41 ശതമാനം വര്‍ധനവിനു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. 17.78 കോടി ഫോളിയോകള്‍ എന്ന റിക്കാര്‍ഡ് വളര്‍ച്ചയുടെ കൂടി പിന്‍ബലത്തിലാണ് ഈ നേട്ടം.
ഏകദേശം 4.46 കോടി നിക്ഷേപകര്‍ ഈ രംഗത്തുണ്ടെന്നാണ് അനുമാനിക്കുന്നത്. നിക്ഷേപകരുടെ 23 ശതമാനം വനിതകളും 77 പുരുഷന്മാരുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഹരി, ഹൈബ്രിഡ്, സൊല്യൂഷന് അധിഷ്ഠിത പദ്ധതികള്‍ തുടങ്ങിയവയിലാണ് വ്യക്തിഗത നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.