കുതിച്ചുയർന്ന് പൊന്ന്; പവന് 52,250
Tuesday, April 9, 2024 12:42 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ വര്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,565 രൂപയും പവന് 52,250 രൂപയുമായി.
അമേരിക്കന് വിപണി ശനിയാഴ്ച ക്ലോസിംഗിൽ 2,303 ഡോളര് വരെ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ റഷ്യന് ആണവ റിയാക്ടറിനു നേരേയുണ്ടായ ആക്രമണത്തെത്തുടര്ന്ന് സ്വര്ണവില അന്താരാഷ്ട്ര തലത്തില് 2353 ഡോളര് വരെയെത്തി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ വിലവര്ധന ഉണ്ടായത്.
കഴിഞ്ഞ ആറിലെ ബോര്ഡ് റേറ്റായ ഗ്രാമിന് 6,535 രൂപ, പവന് 52,280 രൂപ എന്ന സര്വകാല റിക്കാര്ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.
2023 ഏപ്രില് എട്ടിന് ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഗ്രാമിന് 985 രൂപയും പവന് 7,880 രൂപയുമാണ് വര്ധിച്ചത്. അന്താരാഷ്ട്ര സ്വര്ണവില ഈ കാലയളവില് 370 ഡോളറില് അധികമാണ് വര്ധിച്ചത്.
കഴിഞ്ഞവര്ഷം പത്തു ലക്ഷം രൂപയ്ക്ക് സ്വര്ണം വാങ്ങിക്കുമ്പോള് 20 പവന് ലഭിക്കുമായിരുന്നെങ്കില് ഇപ്പോള് 17 പവന് മാത്രമാണു ലഭിക്കുക. സ്വര്ണവിലയ്ക്കൊപ്പം വെള്ളിയുടെ വിലയും വര്ധിക്കുകയാണ്.
വെള്ളി വിലയും ഉയരങ്ങളിലേക്ക് പോകുമെന്നുള്ള സൂചനകളാണ് വിപണിയില്നിന്നു ലഭിക്കുന്നതെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റസ് അസോസിയേഷന് സംസ്ഥാന ട്രഷറര് എസ്. അബ്ദുല് നാസര് പറഞ്ഞു.