ഫ്രിഡ്ജിന് തുടരെ തകരാർ; നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Thursday, February 29, 2024 11:36 PM IST
കൊച്ചി: പലപ്രാവശ്യം അഴിച്ചുപണിതിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണ വൈകല്യമുണ്ടെന്നു കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരേ എറണാകുളം ചെറായി സ്വദേശി എന്‍.എം. മിഥുന് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരന് വാങ്ങിയ ഫ്രിഡ്ജ് പലതവണ തകരാറിലാകുകയും ഓരോ തവണയും ടെക്നീഷന്‍ പരിശോധിച്ച് പല ഘടകങ്ങളും മാറ്റി പുതിയത് വയ്ക്കുകയും അതിനുള്ള തുക പരാതിക്കാരനില്‍നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും ഫ്രിഡ്ജ് പ്രവര്‍ത്തനരഹിതമായി. ഇത്തരത്തില്‍ തുടര്‍ച്ചയായി തകരാറിലാകുന്നത് നിർമാണപരമായ ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.
റിപ്പയറിംഗിനായി ചെലവായ 3,386 രൂപയും കൂടാതെ കോടതി ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിര്‍കക്ഷി നല്‍കണമെന്ന് കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, മെംബര്‍മാരായ വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്കി.