ബൈജു രവീന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കും
Friday, February 23, 2024 3:00 AM IST
ബംഗളൂരു: എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ടു. ബൈജു രവീന്ദ്രൻ രാജ്യം വിടുന്നതു തടയുന്നതിന്റെ ഭാഗമായാണു നടപടി.
10,000 കോടി രൂപയ്ക്കടുത്ത്, വിദേശപണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമപ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായ ആരോപണത്തെത്തുടർന്നു ബൈജുവിനെതിരേ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഒന്നര വർഷംമുന്പ് ഇഡി കൊച്ചി ഓഫീസിന്റെ അഭ്യർഥനയെത്തുടർന്ന് ബൈജുവിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ അന്വേഷണം പിന്നീട് ബംഗളൂരു ഓഫീസിനു കൈമാറി.
കഴിഞ്ഞ മൂന്നു വർഷമായി ബൈജു രവീന്ദ്രൻ തുടർച്ചയായി ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. അടുത്തിടെ ഇയാൾ ബംഗളൂരുവിലെത്തിയെന്നു സൂചനയുണ്ടായിരുന്നെങ്കിലും, താൻ ഇപ്പോൾ ദുബായിലാണെന്നും ഇന്ന് സിംഗപ്പൂരിലേക്കു പോകുമെന്നും ബൈജു പ്രതികരിച്ചു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാൽ, ഇന്ത്യയിലെത്തിയശേഷം ബൈജുവിനു വിദേശയാത്ര ചെയ്യാനാകില്ല.