ലോൺ ആപ്പ്: കർക്കശ നടപടിക്കു ധനമന്ത്രിയുടെ നിർദേശം
Thursday, February 22, 2024 12:39 AM IST
ന്യൂഡൽഹി: ലോൺ ആപ്പുകൾക്കെതിരേ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉൾപ്പെടെ സാന്പത്തിക നിയന്ത്രണ സംവിധാനങ്ങൾക്കു ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശം.
ഫിനാൻഷൽ സ്റ്റെബിലിറ്റി ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ (എഫ്എസ്ഡിസി)യുടെ 28 ാം സമ്മേളനത്തിലാണു ധനമന്ത്രി നിർദേശം നല്കിയത്. ആഭ്യന്തരമായും ആഗോളതലത്തിലും സംജാതമാകാവുന്ന സാന്പത്തിക കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ലോൺ ആപ്പ് വായ്പകളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് തട്ടിപ്പിനിരയാകുന്നത്. ചെറിയ തുക വായ്പയായി നൽകിയശേഷം പലമടങ്ങ് ഈടാക്കുന്ന സംഘങ്ങൾക്കെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിൽ 2,500 ലേറെ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽനിന്നു ഗൂഗിൾ നീക്കം ചെയ്തതായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.