പരിവാര്‍ അക്കൗണ്ടുമായി ബാങ്ക് ഓഫ് ബറോഡ
Sunday, December 3, 2023 1:28 AM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകള്‍ക്കായി ബിഒബി പരിവാര്‍ അക്കൗണ്ട് അവതരിപ്പിച്ചു.
ബാങ്കിന്റെ ‘ബോബ് കെ സംഗ് ത്യോഹാര്‍ കി ഉമംഗ്’ എന്ന ഉത്സവ കാമ്പയിന്റെ ഭാഗമായി ആരംഭിച്ച ‘മൈ ഫാമിലി, മൈ ബാങ്ക്’ സെഗ്മെന്റ്, ഒരു കുടുംബത്തിലെ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഗ്രൂപ്പ് ചെയ്യുന്നു. കുറഞ്ഞത് രണ്ടു പേരും പരമാവധി ആറംഗങ്ങളും ഇതില്‍ ഉള്‍പ്പെടാം. പങ്കാളി, മാതാപിതാക്കള്‍, കുട്ടികള്‍, മരുമക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു.
ബിഒബി പരിവാര്‍ കറന്റ് അക്കൗണ്ട് ഉടമസ്ഥാവകാശം, പങ്കാളിത്തം, എല്‍എല്‍പി, പ്രവറ്റ് ലിമിറ്റഡ് കമ്പനികള്‍, ഗ്രൂപ്പ് കമ്പനികള്‍, സഹോദര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ലഭ്യമാണ്.
ബിഒബി പരിവാര്‍ സേവിംഗ്സ് അക്കൗണ്ടും ബിഒബി പരിവാര്‍ കറന്റ് അക്കൗണ്ട് സെഗ്മെന്റുകളും ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വരുന്നു.
കുടുംബത്തിന്റെയോ അനുബന്ധ കമ്പനികളുടെയോ വ്യക്തിഗത അക്കൗണ്ടുകള്‍ ഗ്രൂപ്പുചെയ്യുന്നതിലൂടെ, ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്ന അക്കൗണ്ടുകള്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ റീട്ടെയില്‍ ലയബിലിറ്റീസ് ആന്‍ഡ് എന്‍ആര്‍ഐ ബിസിനസ് ചീഫ് ജനറല്‍ മാനേജര്‍ രവീന്ദ്ര സിംഗ് നേഗി പറഞ്ഞു.