വിദേശ ശക്തികളുടെ വിൽപ്പനയെ മറികടക്കാൻ സർവ സന്നാഹങ്ങളുമായി ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കളത്തിലിറങ്ങിയത് ഓഹരി സൂചികയിലെ വൻ തകർച്ചയെ തടയാൻ ഉപകരിച്ചെങ്കിലും തുടർച്ചയായ രണ്ടാം വാരത്തിലും വിപണി നഷ്ടത്തിൽ.
സെൻസെക്സ് 180 പോയിന്റും നിഫ്റ്റി സൂചിക 36 പോയിന്റും താഴ്ന്നു. ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ന് വിപണി അവധിയാണ്.നിഫ്റ്റി 19,674ൽനിന്നും മുന്നേറ്റത്തിനു തുടക്കം മുതൽ ശ്രമിച്ചെങ്കിലും 19,754ന് മുകളിൽ ഇടംപിടിക്കാൻ വിദേശ ഫണ്ടുകൾ അനുവദിച്ചില്ല. അവരുടെ കനത്ത വിൽപ്പന സമ്മർദത്തിനിടയിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 19,500ലെ സപ്പോർട്ട് നിലനിർത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. സൂചിക വ്യാഴാഴ്്ച 19,499 വരെ ഇടിഞ്ഞെങ്കിലും തിരിച്ചുവരവിൽ 19,724 വരെ കയറി, വ്യാപാരാന്ത്യം നിഫ്റ്റി 19,638 പോയിന്റിലാണ്.
മുൻവാരം സൂചിപ്പിച്ച 50 ദിവസങ്ങളിലെ ശരാശരിയായ 18,500-19,800 റേഞ്ചിൽ സൂചിക നീങ്ങി. ഈവാരം 19,506 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 19,761 ലേക്ക് തിരിച്ചുവരവിന് ശ്രമിക്കാം, വിദേശ വിൽപ്പന ചുരുങ്ങിയാൽ മുന്നേറ്റം 19,885 വരെ നീളും. അതേസമയം ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ 19,376ലേക്ക് സാങ്കേതിക തിരുത്തലിന് സാധ്യത.
നിഫ്റ്റി ഡെയ്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ സോൾഡായതു തിരിച്ചുവരവിന് അവസരം ഒരുക്കാം. സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. പ്രതിവാര ചാർട്ടിലേക്ക് തിരിഞ്ഞാൽ കരടി വലയത്തിൽ നിന്നും രക്ഷനേടാൻ കാര്യമായ നീക്കങ്ങൾ ഇനിയും പ്രകടിപ്പിച്ചിട്ടില്ല.
തൊട്ടു മുൻവാരത്തിൽ 66,000ലെ താങ്ങ് നിലനിർത്തിയ സെൻസെക്സിന് ആ മികവ് കഴിഞ്ഞ ദിവസങ്ങളിൽ കാഴ്്ചവയ്ക്കാനായില്ല. 66,009ൽ ട്രേഡിംഗ് തുടങ്ങിയ സെൻസെക്സ് 66,249 മുകളിൽ സഞ്ചരിക്കാനുള്ള കരുത്ത് വിദേശ വിൽപ്പന മൂലം ലിഭിച്ചില്ല. മുൻനിര ഓഹരികൾ വിറ്റഴിക്കാൻ അവർ നടത്തിയ നീക്കത്തിൽ 65,442 വരെ ഇടിഞ്ഞ സെൻസെക്സ് മാർക്കറ്റ് ക്ലോസിംഗിൽ 65,828ലാണ്.
വിദേശ ഫണ്ടുകൾ പത്താം വാരത്തിലും നിക്ഷപകരായില്ല. അവരുടെ ഈ നിലപാടുമൂലം ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 82.93ൽ നിന്നും ഒരവസരത്തിൽ 83.25ലേക്ക് ദുർബലമായി, വാരാന്ത്യം 83.01ലാണ്.
വിദേശ ഇടപാടുകാർ 8,430 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷപകരായി 8,142 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. കഴിഞ്ഞ മാസം വിദേശ ഫണ്ടുകൾ 26,692.16 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 20,312.65 കോടി രൂപയുടെ നിക്ഷേപവും.
വിദേശനാണ്യ കരുതൽ ശേഖരം നാലു മാസത്തെ താഴ്ന്ന നിരക്കായ 590.70 ബില്യൺ ഡോളറിൽ. തുടർച്ചയായ മൂന്നാം വാരമാണ് കരുതൽ ധനം കുറയുന്നത്. തൊട്ടുമുൻവാരത്തെ അപേക്ഷിച്ച് 2.3 ബില്യൺ ഡോളർ കുറഞ്ഞു. രൂപ മൂല്യം 83ലേക്ക് ദുർബലമായ സെപ്റ്റംബർ ആദ്യ വാരം മുതൽ കേന്ദ്ര ബാങ്ക് കരുതൽ ധനം ഇറക്കി രൂപയുടെ മുഖം മിനുക്കി.
ആഗോള സ്വർണ വിപണി സാങ്കേതിക തിരുത്തലിന് ഒരുങ്ങുന്ന വിവരം കഴിഞ്ഞവാരം വ്യക്തമാക്കിയത് പൂർണമായി ശരിവയ്ക്കുന്ന പ്രകടനം ദൃശ്യമായി. ട്രോയ് ഔൺസിന് 1,924 ഡോളറിൽനിന്നും 80 ഡോളറിന്റെ തിരുത്തൽ സംഭവിച്ചു. സെപ്റ്റംബറിൽ മൊത്തം 99.80 ഡോളർ, അതായത് അഞ്ചു ശതമാനം ഇടിവ്. ഫെബ്രുവരിക്കുശേഷം ഇത്ര ശക്തമായ തിരുത്തൽ സ്വർണത്തിൽ ആദ്യം, അന്ന് 108 ഡോളർ കുറഞ്ഞു.
ഈ വർഷം മാർച്ചിലായിരുന്നു ഏറ്റവും വലിയ കുതിപ്പ്, അന്ന് എഴു ശതമാനം മികവിൽ 132 ഡോളർ ഔൺസിന് ഉയർന്നു. ആ റാലിയിൽ 2023ലെ ഉയർന്ന നിലവാരമായ 2044.50 ഡോളർ ദർശിച്ചു. കഴിഞ്ഞ നവംബറിലെ ഏറ്റവും ഉയർന്ന വിലയായ 1729 ഡോളർ നിലവിലെ സപ്പോർട്ട്. വാരാന്ത്യം സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ 200, 100, 50 ദിവസങ്ങളിലെ ശരാശരിയിലും സ്വർണം താഴ്ന്നു. മുൻവാരം ദീപിക ഇതേ കോളത്തിൽ സൂചിപ്പിച്ച 200 ഡോളറിന്റെ തിരുത്തലിലേക്ക് അന്താരാഷ്ട്ര മാർക്കറ്റ് പ്രവേശിച്ചു. രാജ്യത്തെ മറ്റ് ഒരു മാധ്യമത്തിനും ഇത്ര ദീർഘവീക്ഷണതോടെ ആഗോള സ്വർണത്തിന് സംഭവിച്ച തകർച്ചയെ മുൻകൂർ വിലയിരുത്താനായില്ലെന്നതും ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.