ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പര്‍മാര്‍ക്കറ്റും ഇന്നു തുറക്കും
Wednesday, September 27, 2023 1:30 AM IST
കൊച്ചി: തെലുങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പര്‍മാര്‍ക്കറ്റും ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ ഇന്നു തുറക്കും. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിര്‍വഹിക്കും.
അഞ്ചുലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാള്‍. രണ്ടു ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് ലുലു അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്വിറ്റ്സർലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുമായി തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിനു ധാരണയിലെത്തിയിരുന്നു. ഇതുവഴി 2500ലധികം പേര്‍ക്കാണ് തൊഴിലവസരം ഒരുങ്ങിയത്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെയിം സെന്ററായ ലുലു ഫണ്ടൂറ, ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോര്‍, 75ലധികം അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, 1400പേരുടെ സീറ്റിംഗ് സജ്ജീകരണമുള്ള അഞ്ചു തിയറ്റര്‍ സ്ക്രീനുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ മാളിലെ മറ്റ് ആകര്‍ഷണങ്ങളാണ്. ഇന്ത്യയിലെ ലുലുവിന്റെ ആറാമത്തെ ഷോപ്പിംഗ് കേന്ദ്രമാണ് ഹൈദരാബാദിലേത്.