കേരളത്തിലെ നിക്ഷേപകര്‍ക്കു താത്പര്യം ഓഹരി അധിഷ്ഠിത പദ്ധതികൾ
Wednesday, September 27, 2023 1:30 AM IST
കൊച്ചി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വളര്‍ച്ചയുടെ പ്രവണത വിലയിരുത്തുമ്പോള്‍ ഏതാനും സംസ്ഥാനങ്ങള്‍ ഓഹരി ഇതര പദ്ധതികളെ അപേക്ഷിച്ച് ഓഹരി വിഭാഗം മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലാണ് കൂടുതല്‍ താത്പര്യം കാട്ടുന്നതെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍.
ഓഗസ്റ്റിലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തിലെ നിക്ഷേപകരില്‍ 69 ശതമാനം ഓഹരി അധിഷ്ഠിത പദ്ധതികളില്‍ പണം നിക്ഷേപിച്ചപ്പോള്‍ ഡെറ്റ്, ലിക്വിഡ് പദ്ധതികളില്‍ 20 ശതമാനം പേരാണു പണം നിക്ഷേപിച്ചത്. ഒന്‍പതു ശതമാനം പേര് ബാലന്‍സ്ഡ് പദ്ധതികളിലും നിക്ഷേപിച്ചു.
കേരളത്തിലെ നിക്ഷേപകര്‍ 56,050.36 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്ക് 2023 ഓഗസ്റ്റില്‍ 20,245.26 കോടി രൂപയാണ് എത്തിയത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്ക്കുള്ളില്ത്തന്നെ സ്മോള്‍ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി. സെക്ടറല്‍ തീമാറ്റിക് ഫണ്ടുകളിലേക്ക് 4,805.81 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്.
മള്‍ട്ടിക്യാപ് വിഭാഗത്തില്‍ 3,422.14 കോടി രൂപയുമെത്തി. ക്ലോസ് എന്‍ഡഡ് പദ്ധതികള്‍ അടക്കമാണിതെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.