ടെക് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടോപ്പ് 100 സീരീസ്
Tuesday, September 26, 2023 3:20 AM IST
തിരുവനന്തപുരം: ആഗോളതലത്തിൽ മികച്ച ഉത്പന്നങ്ങൾ നിർമിക്കാൻ പ്രാപ്തരായ പ്രോഗ്രാമർമാരെയും ഡിസൈനർമാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ‘ടോപ്പ് 100 സീരീസ് ’ സംഘടിപ്പിക്കുന്നു.
പ്രോഗ്രാമിംഗ് ഉത്പന്നങ്ങളുടെ രൂപകൽപന, നിർമാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ ഊർജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാർട്ടപ്പ് മിഷന്റെ ബിൽഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ ടെക്നോളജി കന്പനികളുടെ പൊതുവേദിയായ ജിടെക്കിന്റെ ടാലന്റ് ബിൽഡിംഗ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച നൂറ് കോഡർമാരെ കണ്ടെത്തലാണ് ആദ്യഘട്ടം. കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് നാല്പത്തഞ്ച് ദിവസത്തെ കോഡിംഗ് ചലഞ്ച് സംഘടിപ്പിക്കുന്നത്.