റബര്‍ കൃഷിവ്യാപനം പശ്ചിമ ബംഗാളിലേക്കും ഛത്തീസ്ഗഡിലേക്കും
റെജി ജോസഫ്
Saturday, September 23, 2023 12:59 AM IST
കോട്ടയം: റബര്‍ ബോര്‍ഡിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷിവ്യാപന യജ്ഞത്തിന്റെ അടുത്ത ഘട്ടം പശ്ചിമ ബംഗാളിലേക്കും ഛത്തീസ്ഗഡിലേക്കും. കേന്ദ്രസര്‍ക്കാരിന്റെയും ടയര്‍ കമ്പനികളുടെയും സാമ്പത്തിക സഹായത്തില്‍ നടപ്പാക്കിവരുന്ന റബര്‍ വ്യാപനം കേരളം ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലയ്ക്ക് കൂടുതല്‍ തകര്‍ച്ചയുണ്ടാക്കും.
തൊഴില്ക്കൂലിയും കൃഷി സംസ്കരണച്ചെലവും സ്ഥലംവിലയും കുറവുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് റബര്‍ ഷീറ്റ് ലഭ്യമാകുന്ന സാഹചര്യത്തില്‍ കേരളത്തിലെ എട്ടര ലക്ഷം ചെറുകിട കര്‍ഷകര്‍ക്ക് നിലനില്പ് ഇല്ലാതാകും.
രാജ്യത്ത് 8.5 ലക്ഷം ഹെക്ടറില്‍ റബര്‍ കൃഷിയുള്ളതില്‍ അഞ്ചു ലക്ഷം ഹെക്ടര്‍ കേരളവും കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പ്രദേശത്താണ്. തൃപുരയില്‍ ഒരു ലക്ഷം ഹെക്ടറില്‍ റബറുണ്ട്. റബര്‍ വിലയിടിവില്‍ കേരളത്തിലെ കര്‍ഷകര്‍ നഷ്ടങ്ങളുടെ ആഴങ്ങളിലേക്കു കൂപ്പുകുത്തിയ വേളയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിവ്യാപനത്തിന് റബര്‍ ബോര്‍ഡ് മുന്നോട്ടിറങ്ങിയത്. സിക്കിം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാന ങ്ങളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്.
ഇക്കൊല്ലം പശ്ചിമ ബംഗാളിലും അടുത്ത വര്‍ഷം ഛത്തീസ്ഗഡിലും സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി തുടങ്ങും. കേരളത്തില്‍ റബര്‍ ബോര്‍ഡിന്റെ നഴ്സറികളില്‍ ഉത്പാദിപ്പിക്കുന്നതു കൂടാതെ പ്രൈവറ്റ് നഴ്സറികളില്‍ നിന്നുള്‍പ്പെടെ മൂന്നു ലക്ഷത്തോളം ബഡ്ഡ് കൂട തൈകള്‍ ശേഖരിച്ച് പ്രത്യേക ട്രെയിനില്‍ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എത്തിക്കാനാണ് നീക്കം. 2021ല്‍ ആരംഭിച്ച് അഞ്ചു വര്‍ഷം നീളുന്ന ഈ കൃഷിവ്യാപന കരാറില്‍ ടയര്‍ കമ്പനികള്‍ ആയിരം കോടി രൂപയാണ് ചെലവഴിക്കുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ നാലു ലക്ഷം ഹെക്ടറില്‍ റബര്‍ നടാനായിരുന്നു തീരുമാനമെങ്കിലും മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവായതിനാല്‍ തത്കാലം രണ്ടു ലക്ഷം ഹെക്ടറില്‍ മതിയെന്ന തീരുമാനത്തിലാണ്.
കഴിഞ്ഞ വര്‍ഷം 27,000 ഹെക്ടറിലും ഇക്കൊല്ലം 40,000 ഹെക്ടറിലും തൈകള്‍ വളര്‍ത്തുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പരമാവധി ഇടങ്ങളിലേക്ക് കൃഷിവ്യാപനം നടത്തും.
റബര്‍ കൃഷിയിലേക്ക് പുതുതായി വരുന്ന വടക്കുകിഴക്കന്‍ ഗോത്രവാസികള്‍ക്ക് സാമ്പത്തിക സബ്സിഡിയും സമ്മാനപദ്ധതികളും നല്‍കുന്നുണ്ട്. കൂടാതെ ഈ തോട്ടങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും നോക്കാതെ മുള തുടങ്ങിയ ഇടവിളകളും വളര്‍ത്താന്‍ അനുവാദവുമുണ്ട്. ഛത്തീസ്ഗഡിലെ നാലു ജില്ലകളില്‍ അടുത്ത വര്‍ഷം റബര്‍ നട്ടുതുടങ്ങും.