പാര്‍പ്പിടനയം അടുത്ത വർഷം യാഥാര്‍ഥ്യമാക്കും: മന്ത്രി രാജന്
Saturday, September 23, 2023 12:59 AM IST
കൊച്ചി: കുറഞ്ഞ ചെലവില്‍ പ്രകൃതിസൗഹൃദ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍പ്പിടനയം അടുത്ത വർഷം സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി കെ. രാജന്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച അഫോഡബിള്‍ ഹൗസിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്നങ്ങള്‍ മനസിലാക്കിയശേഷമാകും നയം നടപ്പിലാക്കുക. ബോള്‍ഗാട്ടിയില്‍ ഭവന നിര്‍മാണ ബോര്‍ഡിനു കീഴിലുള്ള 17 ഏക്കര്‍ സ്ഥലത്ത് കെട്ടിടസമുച്ചയം നിർമിക്കും. ഇതിനെ രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട എക്സിബിഷന് സെന്ററായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഫിക്കി കേരള സ്റ്റേറ്റ് അംഗം വി.പി. നന്ദകുമാര്‍, ക്രെഡായ് കേരള ജനറല്‍ കണ്‍വീനര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ഐഎംജിസി ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് ദിവാന്, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് എ. ഗോപാലകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.