കാലിടറി വെളിച്ചെണ്ണ; വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിച്ചു
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 18, 2023 1:09 AM IST
കൊച്ചി: വിദേശ ഭക്ഷ്യയെണ്ണ പ്രവാഹത്തിനു മുന്നിൽ വെളിച്ചെണ്ണയ്ക്ക് കാലിടറുന്നു, പച്ചത്തേങ്ങ സംഭരണം അനുകൂല തരംഗം സൃഷ്ടിച്ചില്ല. റബറിനെ ചവിട്ടിത്താഴ്ത്താനുള്ള ഉത്തരേന്ത്യൻ നീക്കത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഉത്പാദകർ ക്ലേശിക്കുന്നു. അനുകൂല കാലാവസ്ഥ ഏലം ഉത്പാദകർക്ക് ആശ്വാസം പകർന്നു. കുരുമുളക് വില മാസത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെഡി.
വട്ടം കറങ്ങി എണ്ണക്കുരു കർഷകർ
ഭക്ഷ്യയെണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം ആഭ്യന്തര എണ്ണ ക്കുരു കർഷകരെ വട്ടം കറക്കുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഓഗസ്റ്റിൽ 18.52 ലക്ഷം ടൺ പാചകയെണ്ണ ഇറക്കുമതി നടത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇറക്കുമതി 34.69 ശതമാനം ഉയർന്നു, അന്ന് വരവ് 13.75 ലക്ഷം ടണ്ണായിരുന്നു. ഇതിനു പുറമേ ശുദ്ധീകരിക്കാത്ത എണ്ണകളും വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്.
ആഭ്യന്തര എണ്ണക്കുരു ഉത്പാദനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ അമിത ഇറക്കുമതി കർഷകതാത്പര്യങ്ങൾക്ക് വിരുദ്ധമാവും. പാം ഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയിൽ മുന്നിൽ. വെളിച്ചെണ്ണയ്ക്ക് നേരിട്ട വിലയിടിവ് കൊപ്രയെയും ബാധിച്ചു. വിപണിയിലെ മാന്ദ്യം മൂലം വൻകിട ചെറുകിട മില്ലുകാർ കൊപ്ര ശേഖരിക്കാതെ പിന്തിരിയുന്നത് നാളികേരോത്പന്നങ്ങളെ മൊത്തത്തിൽ തളർത്തി. നാഫെഡിനു വേണ്ടി പച്ചത്തേങ്ങ സംഭരണം തുടങ്ങിയതും അനുകൂല തരംഗം സൃഷ്ടിച്ചില്ല.
ഇന്ത്യയിലെ ഉത്സവ സീസൺ മുന്നിൽക്കണ്ട് ഇന്തോനേഷ്യയും മലേഷ്യയും വൻതോതിൽ പാം ഓയിൽ ഇന്ത്യയിലേയ്ക്ക് ഇതിനകം കയറ്റുമതി നടത്തി. കൊച്ചിയിൽ പാം ഓയിൽ 8400 രൂപയിലേയ്ക്ക് ഇടിഞ്ഞത് കൊപ്രയാട്ട് മില്ലുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഇറക്കുമതി എണ്ണകൾ വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയതോടെ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങി. ഒരുമാസമായി 8150 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ കൊപ്ര വാരാന്ത്യം 8000ത്തിലേയ്ക്ക് ഇടിഞ്ഞു. കോഴിക്കോട് 8500ഉ ും കാങ്കയത്ത് വില 7750 രൂപയുമാണ്.
വിലയിടിച്ച് ടയർ ലോബി
ടയർ ലോബിയും ഉത്തേരേന്ത്യൻ വ്യവസായികളും ചേർന്ന് റബർ ഉത്പാദകരെ പിഴിയുന്നു. രാജ്യാന്തര വിപണിയിലെ മാന്ദ്യം മറയാക്കിയാണ് വില ഇടിക്കുന്നത്. സംസ്ഥാനത്ത് ടാപ്പിംഗ് പീക്ക് സീസണിലായതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലും കോട്ടയത്തും കൂടുതൽ ചരക്ക് വില്പനയ്ക്ക് ഇറങ്ങുമെന്ന് വ്യവസായികൾ.
അവസരം മുതലാക്കാൻ വില പരമാവധി താഴ്ത്താൻ ശ്രമം നടത്തുന്നു. രാത്രി മഴയ്ക്കിടയിൽ പല ഭാഗങ്ങളിലും പുലർച്ചെയും ടാപ്പിംഗിന് കർഷകർ ഉത്സാഹിച്ചെങ്കിലും തിരക്കിട്ടുള്ള വില്പനയ്ക്ക് അവർ തയാറായില്ല. വിപണിയിൽ ലഭ്യത കുറഞ്ഞിട്ടും വാങ്ങലുകാർ ഷീറ്റ് വില താഴ്ത്തി. അവധി വ്യാപാരത്തിലെ ശക്തമായ വില്പനസമ്മർദ്ദഫലമായി തായ് മാർക്കറ്റായ ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് ഷീറ്റ് 131 രൂപയായി താഴ്ന്നു. മികച്ചയിനം ഇവിടെ കിലോ 146 രൂപയിലാണ്.
ആവശ്യമേറി ഏലം
ഏലക്ക മികവിലാണ്. ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയരുന്നില്ല. പല അവസരങ്ങളിലും അരലക്ഷം കിലോയിൽ ചരക്ക് വരവ് ഒതുങ്ങുന്ന അവസ്ഥ വാങ്ങലുകാരെ അസ്വസ്തരാക്കി. കറിമസാല വ്യവസായികൾക്കും മറ്റ് മേഖലയ്ക്കും കനത്തതോതിൽ ചരക്ക് ആവശ്യമുള്ള സന്ദർഭമാണ്. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള ഏലക്ക സംഭരണവും കണക്കിലെടുത്താൽ നിരക്ക് കൂടുതൽ ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖല നിലനിർത്തി. കയറ്റുമതിക്കാരിൽനിന്നേ ഏലത്തിന് ശക്തമായ പിന്തുണയുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2,590 രൂപയിലും ശരാശരി ഇനങ്ങൾ 1,766 രൂപയിലും കൈമാറി.
കരുത്ത് നിലനിർത്തി കുരുമുളക്
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാരുള്ളതിനാൽ ഉത്പന്ന വില മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു രൂപ പോലും കുറയാതെ വിപണി കരുത്ത് നിലനിറുത്തി. സെപ്റ്റംബർ ആദ്യം മുതൽ അൺ ഗാർബിൾഡ് മുളക് കിലോ 635 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്. ജൂലൈയിൽ ഇത്തരത്തിൽ വില സ്റ്റെഡിയായി നീങ്ങിയ ശേഷമാണ് ഓഗസ്റ്റിൽ വൻ കുതിച്ചുചാട്ടം കാഴ്ചവച്ചത്. അത്തരം ഒരു മുന്നേറ്റം വിപണി വീണ്ടും ആവർത്തിക്കുമെന്ന വിലയിരുത്തലാണ് കാർഷിക മേഖലയിൽനിന്നു ലഭ്യമാവുന്നത്. കൊച്ചിയിൽ ഗാർബിൾഡ് മുളകുവില ശനിയാഴ്ച്ച 65,400 രൂപ. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്ര നിരക്ക് 8025 ഡോളറായി ഉയർന്നു.