കൊളംബിയയുടെ കയറ്റുമതി: കൊക്കെയ്ൻ, എണ്ണയെ മറികടക്കും
Sunday, September 17, 2023 12:24 AM IST
ബൊഗോട്ട: കൊളംബിയയുടെ കയറ്റുമതി വ്യാപാരത്തിൽ എണ്ണയെ കൊക്കെയ്ൻ മറികടക്കും. കണക്കുകൾ പരിശോധിച്ച് ബ്ലൂംബർഗ് ഇക്കണോമിക്സാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർക്കാർ അനുഭാവ നടപടി തുടരുന്നതിനാൽ കൊളംബിയയിൽ ലഹരി ഉത്പാദനം തഴച്ചുവളരുകയാണ്.
സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൊളംബിയയുടെ എണ്ണ കയറ്റുമതി 30 ശതമാനം ഇടിഞ്ഞു; അനധികൃതമാണെങ്കിലും കൊക്കെയ്ൻ കയറ്റുമതി വർധിക്കുകയും ചെയ്തു. ഇതോടെ ഈ വർഷത്തെ കയറ്റുമതിക്കണക്കുകൾ പരിശോധിക്കുന്പോൾ കൊക്കെയ്ൻ എണ്ണയെ മറികടക്കുമെന്നാണ് ബ്ലൂംബർഗ് സാന്പത്തിക വിദഗ്ധനായ ഫിലിപ്പെ ഫെർണാണ്ടസ് പറയുന്നത്.
കഴിഞ്ഞ വർഷം 1,820 കോടി ഡോളറിന്റെ കൊക്കെയ്നാണ് കൊളംബിയയിൽനിന്നു കയറ്റുമതി ചെയ്തത്.
തൊട്ടുമുന്‍പത്തെ വർഷം 1,910 കോടി ഡോളറായിരുന്നു (ഏകദേശം 1.5 ലക്ഷം കോടി രൂപ). കഴിഞ്ഞ വർഷം കൊളംബിയയിൽനിന്ന് 1,738 ടണ്‍ കൊക്കെയ്ൻ കയറ്റുമതി ചെയ്തെന്നും ഇതിന്റെ അസംസ്കൃതവസ്തുവായ കൊക്ക ചെടിയുടെ കൃഷി 5.7 ലക്ഷം ഏക്കറിലേക്ക് വ്യാപിച്ചെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊക്കെയ്ൻ എല്ലാക്കാലവും കൊളംബിയയുടെ പ്രധാന കയറ്റുമതിയാണെന്നും ഒന്നാമതല്ലെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് കൊക്കെയ്ൻ കയറ്റുമതിയുണ്ടെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ബ്ലൂംബർഗ് റിപ്പോർട്ടിനോടു പ്രതികരിച്ചു.