യുകെ വീസകളുടെ നിരക്ക് കൂട്ടി
Sunday, September 17, 2023 12:24 AM IST
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള വിനോദ, സന്ദർശക, വിദ്യാർഥി യാത്രകൾക്ക് ഇനി ചെലവേറും. ഈ വീസകളുടെ നിരക്കു വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിരക്കുവർധന അടുത്ത മാസം നാലിനു പ്രാബല്യത്തിലാകും.
ആറു മാസത്തിൽ താഴെയുള്ള സന്ദർശക വീസയ്ക്ക് 15 പൗണ്ടും (1,543 രൂപ) വിദ്യാർഥി വീസയ്ക്ക് 127 പൗണ്ടുമാണ് (13,070 രൂപ) വർധിപ്പിച്ചത്. ഇതോടെ സന്ദർശകവീസയ്ക്ക് 11,835 രൂപയും (115 പൗണ്ട്), വിദ്യാർഥി വീസയ്ക്ക് 50,428 രൂപയും (490 പൗണ്ട്) നൽകേണ്ടിവരും. സന്ദർശക വീസനിരക്ക് 15 ശതമാനവും വിദ്യാർഥി, സ്പോണ്‍സർഷിപ്പ്, പ്രയോറിറ്റി വീസകൾക്ക് 20 ശതമാനവുമാണു നിരക്കുവർധന. ഹെൽത്ത്, കെയർ വീസകൾക്കും നിരക്കുവർധന ബാധകമാണ്. എമിഗ്രേഷൻ ഫീസിലും വർധന വരും.
രണ്ടു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. യുകെയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർഥി സമൂഹമാണ് ഇന്ത്യക്കാരുടേത്.