ഒരു ലിറ്റർ പെട്രോളിന് 330 രൂപ!
Sunday, September 17, 2023 12:24 AM IST
ഇസ്ലാമാബാദ്: പണപ്പെരുപ്പം രൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവിലയും വർധിപ്പിച്ച് പാക്കിസ്ഥാനിലെ കാവൽ സർക്കാർ.
പെട്രോളിന് 26.02ഉം ഡീസലിന് 17.34 ഉം പാക് രൂപ വച്ചാണ് കാവൽ പ്രധാനമന്ത്രി അൻവറുൾ ഹഖിന്റെ അനുമതിയോടെ ധനമന്ത്രാലയം കൂട്ടിയത്.
ഇതോടെ രാജ്യത്ത് പെട്രോൾവില 330 രൂപയായി. പാക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഒന്നിന് ഇതേ കാവൽ സർക്കാർ ഇന്ധനവില 14 രൂപ വർധിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15ന് പെട്രോളിന് 32.41 രൂയും ഡീസലിന് 38.49 രൂപയും വർധിപ്പിച്ചതിനു പുറമേയായിരുന്നു ഇത്.
പുതിയ നിരക്ക് വർധനയോടെ പെട്രോളിന് 58.43 രൂപയും ഡീസലിന് 55.83 രൂപയും ഒരു മാസത്തിനിടെ പാക്കിസ്ഥാനിൽ വർധിച്ചു. കാവൽ സർക്കാർ അധികാരമേറ്റെടുത്തശേഷം മാത്രം ഇന്ധനവിലയിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണു കണക്ക്.