അമിത റേഡിയേഷൻ: സോഫ്റ്റ്വേർ അപ്ഡേഷൻ നൽകുമെന്ന് ആപ്പിൾ
Saturday, September 16, 2023 12:49 AM IST
പാരീസ്: അമിത റേഡിയേഷൻ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഫ്രാൻസിൽ ഐഫോണ്‍ 12ൽ സോഫ്റ്റ്വേർ അപ്ഡേഷൻ നടത്തും.
നിർമാണ കന്പനിയായ ആപ്പിൾ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചെന്ന് ഫ്രഞ്ച് ഡിജിറ്റൽ മന്ത്രി ഴൊൻ നോയൽ ബാരറ്റ് അറിയിച്ചു. ഉടൻതന്നെ സോഫ്റ്റ്വേർ അപ്ഡേഷനുണ്ടാകും. ഫ്രാൻസിലെ ഉപയോക്താക്കൾക്കുമാത്രമേ അപ്ഡേഷൻ ലഭ്യമാകുകയുള്ളുവെന്ന് ആപ്പിൾ അറിയിച്ചു.
ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പരിധിയിൽ അധികമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഐഫോണ്‍ 12ന്റെ വില്പന ഫ്രാൻസിൽ നിർത്തിവച്ചിരിക്കുകയാണ്. പുതിയ അപ്ഡേഷൻ ഫ്രഞ്ച് ഫ്രീക്വൻസി റെഗുലേറ്റർ പരീക്ഷിച്ചശേഷം മാത്രമേ രാജ്യത്ത് ഫോണ്‍ വില്പനയ്ക്ക് അനുമതി നൽകുകയുള്ളൂ.
ബെൽജിയം, നെതർലൻഡ്സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ നിയന്ത്രണസമിതികളും ആപ്പിൾ ഫോണുകളിലെ അമിത റേഡിയേഷൻ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിച്ചുവരികയാണ്.