തിരുവനന്തപുരത്തുനിന്നു കയറ്റി അയച്ചത് എട്ടു ടണ്‍ പൂക്കൾ
Friday, September 15, 2023 3:55 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് എട്ടു ടണ്‍ പൂക്കൾ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആറു ടണ്ണും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് രണ്ടു ടണ്ണും അയച്ചു.
തമിഴ്നാട്ടിലെ തോവാള അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പൂക്കളാണ് ഭൂരിഭാഗവും. പഴവും പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയും ഓണക്കാലത്തു വർധിച്ചു. ഇന്ത്യയിലെ നഗരങ്ങളിലേക്ക് 25 ടണ്ണും വിദേശത്തേക്ക് 1498 ടണ്ണുമാണ് കയറ്റുമതി ചെയ്തത്. ജൂലൈയിൽ ഇത് യഥാക്രമം ആറു ടണ്ണും 1299 ടണ്ണും ആയിരുന്നു.
ഓഗസ്റ്റിൽ വിദേശരാജ്യങ്ങളിലേക്ക് ആകെ 1515 ടണ്‍ ചരക്കാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് 214 ടണ്‍ ചരക്കാണ് കൊണ്ടുപോയത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് ഇത്. കെഎസ്ഐഇയാണ് എയർപോർട്ടിലെ വിദേശ കാർഗോ കൈകാര്യം ചെയ്യുന്നത്.