50% 2000 രൂപ കറൻസിയും തിരിച്ചെത്തി
Friday, June 9, 2023 12:02 AM IST
മുംബൈ: പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും ഇതിൽത്തന്നെ 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണു തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
നാലിൽ മൂന്ന് ഇന്ത്യക്കാരും കൈയിലുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാതെ ബാങ്കിൽ നിക്ഷേപിക്കുകയാണു ചെയ്തെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എസ്ബിഐയിൽ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളിൽ 82 ശതമാനവും നിക്ഷേപമായി. മറ്റ് പൊതുമേഖലാ ബാങ്കുകളിൽ ഇത് 80-90 ശതമാനമാണ്.
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുള്ളത്. കഴിഞ്ഞ മാസമാണ് 2000 രൂപ നോട്ടുകൾ സർക്കാർ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപ നോട്ടുകൾ വീണ്ടും വിപണിയില്‍ കൊണ്ടുവരാനോ ആർബിഐക്ക് ഇതുവരെ പദ്ധതിയില്ലെന്നു ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.