സ്വര്‍ണാഭരണശാലകളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്നത് നിയമവിരുദ്ധ പരിശോധനകളെന്ന്
Monday, May 29, 2023 12:11 AM IST
കൊച്ചി: സ്വര്‍ണാഭരണശാലകളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്നത് നിയമവിരുദ്ധമായ പരിശോധനകളാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ . എസ്. അബ്ദുൾ നാസര്‍.
ഓള് ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ നേതൃത്വത്തിലുള്ള ലാഭം സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1000 കോടിയുടെ നികുതിവെട്ടിപ്പെന്നത് ഊതിവീര്‍പ്പിക്കപ്പെട്ട കണക്കാണ്. ചെറുകിട, ഇടത്തരം ജ്വല്ലറികളില്‍ മാത്രമാണു കഴിഞ്ഞ ദിവസം ഇവര്‍ റെയ്ഡ് നടത്തിയിട്ടുള്ളത്. വിമാനത്താവളങ്ങള്‍ വഴി വരുന്ന കള്ളക്കടത്ത് സ്വര്‍ണത്തെക്കുറിച്ച് ഒരുതരത്തിലും അന്വേഷിക്കാറില്ല. സ്വര്‍ണവ്യാപാര മേഖലയെ മാത്രം തെരഞ്ഞുപിടിച്ചാണ് പരിശോധനകള്‍.
ജിഎസ് ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് ബോര്‍ഡ് വയ്ക്കുന്നില്ല. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നു. സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. പ്രത്യേക വാറണ്ടില്ലാതെ വീടു പരിശോധിക്കാനുള്ള അവകാശം ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കില്ല. വൈകുന്നേരം അഞ്ചിനുശേഷം വാറണ്ട് ഉണ്ടെങ്കില്‍ പോലും വീടുകളില്‍ കയറാന്‍ അധികാരമില്ല. സുതാര്യതയില്ലാത്ത പരിശോധനകള്‍ നിര്‍ത്തിവയ്ക്കണം. ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാഭം കണ്‍വീനര്‍ സഹില്‍ മെഹ്റ, എകെജിഎസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു മാധവ്, ജയിംസ് ജോസ്, ബാബുക്ക, എല്‍. ചന്ദ്രകാന്ത് എന്നിവര്‍ പ്രസംഗിച്ചു.