ബ്രാൻസന്റെ സ്വപ്നം പൊലിഞ്ഞു
Thursday, May 25, 2023 1:07 AM IST
കലിഫോർണിയ: ബ്രിട്ടീഷ് കോടീശ്വരൻ സർ റിച്ചാർഡ് ബ്രാൻസന്റെ റോക്കറ്റ് കന്പനിയായ വിർജിൻ ഓർബിറ്റ് അടച്ചുപൂട്ടി. കന്പനിയുടെ അഭിമാനദൗത്യം പരാജയപ്പെട്ടു മാസങ്ങൾ പിന്നിടുന്പോഴാണു കന്പനി അടച്ചുപൂട്ടാനുള്ള ബ്രാൻസന്റെ തീരുമാനം. വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി സാറ്റലൈറ്റുകൾ വിക്ഷേപിക്കുമെന്നു കന്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പിന്നാലെ കന്പനി അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
ജനുവരിയിൽ വിർജിൻ ഓർബിറ്റിന്റെ ആദ്യ സാറ്റലൈറ്റ് ദൗത്യം ലക്ഷ്യത്തിലെത്തുന്നതിനു തൊട്ടുമുന്‍പ് പരാജയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ ഈ ദൗത്യം നാഴികക്കല്ലാകുമെന്നാണു കരുതപ്പെട്ടത്.
ദൗത്യം വിജയിച്ചാൽ റോക്കറ്റുകളുടെ വില്പന, പുതിയ സ്പേസ്പോർട്ടുകളുടെ നിർമാണം എന്നിവയിലേക്കും പ്രവർത്തനം വിപുലീകരിക്കാൻ ബ്രാൻസണ് തീരുമാനിച്ചിരുന്നു. എന്നാൽ, ദൗത്യം പരാജയപ്പെട്ടതോടെ ഈ സ്വപ്നം പൊലിഞ്ഞു.
രണ്ടു മാസത്തിനുശേഷം കന്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി ജീവനക്കാർക്ക് അറിയിപ്പു ലഭിച്ചു. ഏറെക്കുറെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു.
കഴിഞ്ഞ മാസം യുഎസ് കോടതിയിൽ ജപ്തി നടപടികൾ തടയുന്നതിനായി വിർജിൻ ഓർബിറ്റ് ഹർജി ഫയൽ ചെയ്തിരുന്നു.
കോവിഡ് മഹാമാരി, ലോക്ഡൗണ്‍ എന്നിവയെത്തുടർന്നു വ്യക്തിപരമായി തനിക്ക് 150 കോടി പൗണ്ട് (ഏകദേശം 15,000 കോടി രൂപ) നഷ്ടമുണ്ടായതായി ഈ മാസം തുടക്കത്തിൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ബ്രാൻസണ് വെളിപ്പെടുത്തിയിരുന്നു. ബ്രാൻസന്റെ എയർലൈൻ, വിനോദ വ്യവസായങ്ങളെ ലോക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചതാണു നഷ്ടങ്ങൾക്കു കാരണം.
സണ്‍ഡേ ടൈംസിന്റെ ആഗോള ധനികരുടെ പുതിയ പട്ടികപ്രകാരം ബ്രാൻസണ് 240 കോടി പൗണ്ടിന്റെ ആസ്തിയുണ്ട്. 2017ലാണു ബ്രാൻസണ് വിർജിൻ ഓർബിറ്റ് സ്ഥാപിക്കുന്നത്.