ഒറ്റ ദിവസം; അർനോയ്ക്ക് നഷ്ടം 92,000 കോടി
Thursday, May 25, 2023 1:07 AM IST
വാഷിംഗ്ടണ്: ലോകത്തിലെ വലിയ ധനികൻ ബെർണാഡ് അർനോയ്ക്ക് ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 11.2 ബില്യണ് ഡോളറിന്റെ (ഏകദേശം 92,000 കോടി രൂപ) ആസ്തി. ലോകത്തെ ആഡംബര ഉത്പന്ന ബ്രാൻഡായ ലൂയി വ്യുട്ടന്റെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ് അർനോ.
യുഎസിൽ സർക്കാർ ചെലവിടൽ കുറയ്ക്കുന്നതോടെ ലക്ഷ്വറി സാധനങ്ങൾക്ക് ആവശ്യകത കുറയുമെന്ന ആശങ്കയാണ് അർനോയ്ക്ക് തിരിച്ചടിയായത്. പാരീസിൽ അര്നോയുടെ കമ്പനിയായ എൽവിഎംഎച്ചിന്റെ ഓഹരികൾ അഞ്ചു ശതമാനം ഇടിഞ്ഞു. ഒരു വർഷത്തിനിടയിലെ വലിയ ഇടിവാണിത്. യൂറോപ്യൻ ആഡംബര കന്പനികളുടെയെല്ലാം ഓഹരി വിലകൾ ഈ വർഷം ആദ്യമാസങ്ങളിൽ കുതിച്ചുയർന്നപ്പോൾ അര്നോയുടെയും ആസ്തി വര്ധിച്ചിരുന്നു. എന്നാൽ സാന്പത്തികമാന്ദ്യ സൂചന പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഓഹരിവില കൂപ്പുകുത്തി.
ഈ വർഷം ഏപ്രിലിൽ 500 ബില്യൻ ഡോളറിനു മുകളിൽ വിപണിമൂല്യം വരുന്ന ആദ്യ യൂറോപ്യൻ കന്പനിയെന്ന നേട്ടത്തിന് എൽവിഎംഎച്ച് അർഹമായതോടെ, ടെസ്ല സിഇഒ ഇലോണ് മസ്കിനും ആമസോണ് സ്ഥാപകൻ ജെഫ് ബെസോസിനും ശേഷം 200 ബില്യൻ ഡോളർ ആസ്തിയുള്ള മൂന്നാമത്തെ വ്യക്തിയായി അർനോ മാറിയിരുന്നു.
ബ്ലൂംബർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം അർനോയ്ക്ക് ഇപ്പോഴും 191.6 ബില്യണ് ഡോളർ ആസ്തിയുണ്ട്. അര്നോയുടെയും മസ്കിന്റെയും സന്പത്ത് തമ്മിലുള്ള അന്തരം 11.4 ബില്യണ് ഡോളറായി ചുരുങ്ങി. 180 ബില്യണ് ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത്.