വ്യവസായനയം വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും: പി. രാജീവ്
Monday, May 22, 2023 11:27 PM IST
നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ആറു പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കിൾ, പുതിയ ലൈറ്റിംഗ് സംവിധാനം, ഹാംഗറിന്റെ ഓട്ടോമാറ്റിഗ് ഡോർ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹാംഗറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് മന്ത്രിയിൽനിന്ന് സൗദി അറേബ്യൻ എയർലൈൻസിന്റെ മെയിന്റനൻസ് മാനേജർ ഹമീദ് ഹുസൈൻ ഏറ്റുവാങ്ങി.
വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിനു സമാന്തരമായി നിർമിച്ച സർവീസ് റോഡ് അൻവർ സാദത്ത് എംഎൽഎയും കാലടി ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലേക്ക് എത്താൻ കഴിയുന്ന റോഡ് റോജി എം. ജോൺ എംഎൽഎയും ഉദ്ഘാടനം ചെയ്തു.
സിയാൽ എംഡി എസ്. സുഹാസ്, ഡയറക്ടർ എൻ.വി. ജോർജ്, സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവട്ടിൽ, എയർവർക്സ് മാനേജിംഗ് ഡയറക്ടർ ആനന്ദ് ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.