ഒാഹരി വിപണി മുന്നേറ്റം തുടരുന്നു
Saturday, April 1, 2023 1:38 AM IST
മുംബൈ: ആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും 2023 സാന്പത്തിക വർഷത്തിന്റെ അവസാന ദിവസം രണ്ടു ശതമാനം കുതിപ്പോടെയാണ് അവസാനിച്ചത്. പുതിയ വിദേശ ഫണ്ട് വരവും ഇക്വിറ്റി വിപണിയിലെ പോസിറ്റീവ് പ്രവണതയും മാർക്കറ്റിനെ ഉണർത്തി.
സെൻസെക്സ് 1,031.43 പോയിന്റ് (1.78 ശതമാനം) ഉയർന്ന് 58,991.52 ൽ എത്തി. ഇടയ്ക്ക് 1108.38 പോയിന്റ് (1.91 ശതമാനം) വരെ ഉയർന്ന് 59,068.47 വരെയെത്തിയിരുന്നു. നിഫ്റ്റി 279.05 പോയിന്റ് (1.63 ശതമാനം)ഉയർന്ന് 17,359.75 ൽ അവസാനിച്ചു.
സെൻസെക്സ് സ്ഥാപനങ്ങളിൽ, റിലയൻസ് ഇൻഡസ്ട്രീസ് നാലു ശതമാനത്തിലധികം ഉയർന്ന് വലിയ നേട്ടമുണ്ടാക്കി. നെസ്ലെ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് മറ്റ് പ്രധാന നേട്ടമുണ്ടാക്കിയവർ. സണ്‍ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടൈറ്റൻ എന്നിവയാണ് പിന്നിലുള്ളത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർച്ചയിൽ അവസാനിച്ചു. യൂറോപ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികളും മുന്നേറി. രാമനവമി പ്രമാണിച്ച് വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധിയായിരുന്നു. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.11 ശതമാനം ഇടിഞ്ഞ് ബാരലിന് 79.18 ഡോളറിലെത്തി.